ഭോപ്പാല്‍: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഇ.ഡിയുടെ പീഢനത്തിരയാക്കപ്പെട്ട വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇ.ഡി യുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിലിരിക്കെയാണ് വ്യവസായി മനോജ് പാര്‍മറിനെയും ഭാര്യ നേഹയേയും മധ്യപ്രദേശ് സെഹോര്‍ ജില്ലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി വ്യവസായിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുന്നത്.
വീട്ടില്‍ റെയ്ഡിനായി എത്തിയ ഇ.ഡി തന്നെ ഉപദ്രവിച്ചുവെന്നും എന്നാല്‍ ഇതിന്റെ കാരണം പിന്നീടാണ് മനസിലായതെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ചുമരില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കണ്ടതാണ് തന്നെ ഉപദ്രവിക്കാനുള്ള കാരണമെന്നും തനിക്ക് പരിചയമുള്ള ഇ.ഡി ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്താണ് പര്‍മറിന്റെ ആത്മഹത്യാക്കുറിപ്പുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിങ്ങളുമായി പ്രവര്‍ത്തിച്ചത് കാരണം, തന്നെ ഇ.ഡി ഉപദ്രവിക്കുന്നതിനാല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാവുന്നു എന്നാണ് കത്തില്‍ പറയുന്നത്.
തന്റെ മരണത്തിന് ശേഷം കുട്ടികളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടക്കണമെന്നും പാര്‍ട്ടി തന്റെ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം വ്യക്തിപരമോ മതപരമോ ആയ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റെയ്ഡ് സമാധാനപരമായായിരുന്നുവെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.
എന്നാല്‍ മനോജ് പര്‍വറിന്റെ മരണ ശേഷം ലഭിച്ച കുറിപ്പിനെ ആത്മഹത്യാ കുറിപ്പെന്ന് വിളിക്കുന്നില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ നടപടിയെടുക്കുമെന്നുമാണ് പൊലീസില്‍ നിന്നുമുള്ള വിവരം.
മനോജ് പാര്‍മറിനും പഞ്ചാബ് നാണല്‍ ബാങ്കിന്റെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ക്കുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്
പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിനും മുഖ്യമന്ത്രി യുവ ഉദ്യമി യോജനയ്ക്കുമായി അനുവദിച്ച ആറ് കോടി രൂപ വകമാറ്റിയെന്നും ദുരുപയോഗം ചെയ്തുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
Content Highlight: ED harassed for working in Congress: Businessman and wife reportedly commit suicide