| Tuesday, 6th August 2024, 4:28 pm

ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും തേജസ്വി യാദവിനുമെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഭൂമി തട്ടിപ്പ് കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, മകൻ തേജ്വസി യാദവ് എന്നിവരെ ഉൾപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചൊവ്വാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ ലാലു പ്രസാദിനെയും തേജ്വസിയാദവിനെയും കൂടാതെ 11 പേരെ കൂടി പ്രതികളായി ചേർത്തിട്ടുണ്ട്.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) സമർപ്പിച്ച എഫ്.ഐ.ആറിൽ നിന്നാണ് ഇ.ഡിയുടെ കേസ്.

ലാലു പ്രസാദ് 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂരിൽ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ നടത്തിയ ഗ്രൂപ്പ്-ഡി നിയമനങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. വിവിധ തസ്തികകളിലായി അനധികൃതമായി അദ്ദേഹം നിയമനം നടത്തിയെന്നാണ് ആരോപണം. ഈ നിയമനത്തിന് പകരമായി വ്യക്തികൾ തങ്ങളുടെ ഭൂമി ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്കും എ.കെ ഇൻഫോസിസ്റ്റംസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കൈമാറിയിരുന്നു.

ഇ.ഡിയുടെ പ്രസ്‍താവനകൾ അനുസരിച്ച് എ.കെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഒരു ഗുണഭോക്തൃ കമ്പനിയാണ്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്ന ന്യൂ ഫ്രണ്ട് കോളനി സൗത്ത് ദൽഹി എന്ന മേൽവിലാസം ലാലു പ്രസാദിന്റെ മകൻ തേജ്വസി യാദവ് ഉപയോഗിച്ചിരുന്നതാണ്.

യാദവ് കുടുംബത്തിന്റെ വിശ്വസ്തനായ കത്യാൽ എന്ന വ്യക്തിയാണ് ഈ കമ്പനിയുടെ ഡയറക്ടറെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ തേജ്വസി യാദവിന്റെയും ചന്ദ യാദവിന്റെയും ഉടമസ്ഥതയിലുള്ള എ.ബി എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഒരു വ്യാജ കമ്പനിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ കമ്പനി രജിസ്റ്റർ ചെയ്ത മേൽവിലാസവും ന്യൂ ഫ്രണ്ട് കോളണിയിലെ തേജ്വസിയുടെ ബംഗ്ലാവാണ്.

അത് പോലെ മുൻ ബീഹാർ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയും മകളായ ഹേമ യാദവും റെയിവേയിൽ നിയമിതരായവരിൽ നിന്ന് ഭൂമി കൈപ്പറ്റിയെന്നും അത് മുൻ ആർ.ജെ.ഡി എം.എൽ.എയായ സയ്യിദ് അബു ഡോജ്നയുടെ കമ്പനിയായ മെറിഡിയൻ കൺസ്ട്രക്ഷൻ ഇന്ത്യ ലിമിറ്റഡിന് വിറ്റതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

കുറ്റപത്രത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഇ.ഡി കോടതിയോട് അഭ്യർത്ഥിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെ മുമ്പാകെ സമർപ്പിച്ച കുറ്റപത്രം ഓഗസ്റ്റ് 13-ന് പരിഗണിക്കാനായി മാറ്റി.

Content Highlight: ED files supplementary charge sheet against Lalu Prasad, Tejashwi in land-for-jobs scam

We use cookies to give you the best possible experience. Learn more