|

രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രതിയാക്കിയുള്ള ഇ.ഡി കുറ്റപത്രം; കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയമെന്ന് ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് നിയമവാഴ്ചയുടെ മറവില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കുറ്റകൃത്യമാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് ചിലര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വെറുപ്പുളവാക്കുന്ന പ്രതികാര രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെയും ഭാഗമല്ലാതെ മറ്റൊന്നുമല്ല. ഇത് ഐ.എന്‍.സിയെയും അതിന്റെ നേതൃത്വത്തെയും നിശബ്ദരാക്കില്ല, ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സാം പിത്രോദ, സുമന്‍ ദുബെ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്. ദല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 25നാണ് കോടതി കേസ് പരിഗണിക്കുന്നത്.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യങ്ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന ദല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടി രജിസ്ട്രാര്‍മാര്‍ക്ക് ഏപ്രില്‍ 11ന് ഇഡി നോട്ടീസ് അയച്ചിരുന്നു. 988 കോടി രൂപയുടെ കൃത്രിമത്വത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കാണിച്ചാണ് കേസ്.

2014 ല്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നിന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. 2000 കോടി രൂപയിലധികം വിലമതിക്കുന്ന എ.ജെ.എല്ലിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് വൈ.ഐ.എല്‍ വഴി വഞ്ചനാപരമായി ഏറ്റെടുത്തുവെന്നായിരുന്നു പരാതി.

Content Highlight: ED chargesheet against Rahul Gandhi and Sonia Gandhi; Jairam Ramesh calls it revenge politics of the Centre

Latest Stories

Video Stories