| Thursday, 16th May 2024, 4:07 pm

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം; പ്രത്യേക കോടതി പരിഗണിച്ച കേസിൽ ഇ.ഡിക്ക് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം പ്രത്യേക കോടതി കേസ് പരിഗണിച്ചിട്ടുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റിന് ഇതേ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി.

ഒരു സമൻസ് പ്രകാരം പ്രതി കോടതിയിൽ ഹാജരാകുമ്പോൾ അയാളെ കസ്റ്റഡിയിൽ എടുക്കാൻ ഇ.ഡി പ്രത്യേക കോടതിയിൽ അപേക്ഷ നൽകേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഒരു പ്രതിക്ക് സമൻസ് നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യാനുള്ള അവകാശം ഇ.ഡിക്ക് ഉണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി കോടതിയിൽ ഹാജരായാൽ അയാൾ അറസ്റ്റ് ചെയ്യപ്പെട്ടതായി കണക്കാക്കാൻ സാധിക്കില്ല എന്നും കേസിലെ പ്രതി ജാമ്യത്തിന് അപേക്ഷിച്ചാൽ ആദ്യം പബ്ലിക് പ്രോസിക്യൂട്ടറെ വാദിക്കാൻ കോടതി അനുവദിക്കണമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

പഞ്ചാബ് ഹൈക്കോടതിക്കെതിരെ ടാർസേം ലാൽ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസിൽ കുറ്റാരോപിതനായ വ്യക്തി സമൻസ് ലഭിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരായിരുന്നു. കേസിൽ തുടർന്ന് ഹാജരായിക്കോളാമെന്ന ഉറപ്പിന്മേൽ കുറ്റാരോപിതൻ ഒരു ബോണ്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സി.ആര്‍.പി.സി 88-ാം വകുപ്പ് പ്രകാരം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ബോണ്ട് കള്ളപ്പണ നിരോധന നിയമത്തിലെ 45-ാം വകുപ്പ് പ്രകാരമുള്ള ജാമ്യനടപടിയായി കണക്കാക്കപ്പെട്ടു.

എന്നാൽ സമന്‍സ് ലഭിച്ചതിനു പിന്നാലെ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്നു കണ്ട് കുറ്റാരോപിതന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പി.എം.എല്‍.എ വകുപ്പ് 45 പ്രകാരമുള്ള രണ്ടാമത്തെ വ്യവസ്ഥ ഹരജിക്കാരൻ പാലിച്ചില്ലെന്ന് നിരീക്ഷിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.

സി.ആര്‍.പി.സി 88-ാം വകുപ്പ് പ്രകാരം ബോണ്ട് സമര്‍പ്പിക്കുന്നത് പി.എം.എല്‍.എ യിലെ 45-ാം വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ പാലിച്ചുകൊണ്ട് ജാമ്യത്തിന് അപേക്ഷിക്കുന്നതിന് തുല്യമാകുമോയെന്നതും കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിക്ക് ജാമ്യത്തിനായി സെക്ഷൻ 45, പ്രകാരമുള്ള ഇരട്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടോ എന്നതുമായിരുന്നു കോടതിക്കു മുന്നിലുള്ള പ്രധാന വിഷയം.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം പ്രതിക്ക് ജാമ്യം ലഭിക്കണമെന്നുണ്ടെങ്കിൽ 2002-ലെ സെക്ഷൻ 45, പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു. രണ്ട് വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിക്ക് ജാമ്യം നൽകുന്നത് പരിഗണിക്കാവൂ എന്ന് പി.എം.എൽ.എയുടെ സെക്ഷൻ 45 പറയുന്നുണ്ട്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്നും ജാമ്യത്തിലായിരിക്കുമ്പോൾ അവർ കുറ്റം ചെയ്യാൻ സാധ്യതയില്ലെന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് വ്യക്തത ഉണ്ടാവുക എന്നതാണ് മാനദണ്ഡങ്ങൾ. എന്നാൽ സെക്ഷൻ 45 പ്രകാരമുള്ള ഇരട്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlight: ED can’t arrest accused under Sec 19 of PMLA after special court takes cognisance of complaint SC

We use cookies to give you the best possible experience. Learn more