മുംബൈ: ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെതിരെ കുരുക്കുമുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിയില്‍ ഗോയലിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി അറിയിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസ് ചുമത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഗോയലിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി. കേസില്‍ ഗോയലിനും കൂട്ടാളികള്‍ക്കുമെതിരെ മുംബൈ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുംബൈയിലെ ഓഫീസില്‍വെച്ച് ഗോയലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
2014 ല്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇത്തിഹാദ് ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ നേരിട്ടുള്ള വിദേശ വിനിമയ ചട്ട (എഫ്.ഡി.ഐ) ലംഘനം നടന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിരുന്നു.
2019 മാര്‍ച്ചിലാണ് ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നും ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവെച്ചത്. ഇത്തിഹാദ് എയര്‍വേസിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു ജെറ്റ് എയര്‍വേസ്. 1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി ആരംഭിക്കുന്നത്.
നരേഷ് ഗോയലിന് വിദേശത്തേക്കു പോകാനുള്ള അനുമതി ദല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. കടക്കെണിയിലായ ജെറ്റ് എയര്‍വെയ്സ് വിവിധ കക്ഷികള്‍ക്ക് നല്‍കാനുള്ള 8,000 കോടിരൂപ കെട്ടിവച്ചാല്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കാമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
8,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നരേഷ് ഗോയല്‍ അന്വേഷണം നേരിടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇടക്കാല യാത്രാനുമതി നല്‍കാനാവില്ലെന്നും 8,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കിയാല്‍ നരേഷ് ഗോയലിന് വിദേശത്തേക്ക് പോകാമെന്നും കോടതി അറിയിക്കുകയായിരുന്നു.
തനിക്കെതിരെ കേസെന്നും ഇല്ലാതിരുന്നിട്ടും അധികൃതര്‍ യാത്രാനുമതി നിഷേധിച്ചുവെന്ന് ഗോയല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ