കൊല്‍ക്കത്ത: അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയെ അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതലാരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. 26 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചാണ് ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. വസതിയില്‍ വെച്ച് തന്നെയായിരുന്നു ചോദ്യം ചെയ്തതും.
അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്കായി ഇദ്ദേഹത്തെ ജോക ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് ശേഷം സാള്‍ട്ട് ലേക്കിലെ സി.ജി.ഒ കോപ്ലക്‌സിലുള്ള ഇ.ഡി ഓഫീസിലേക്ക് ഇദ്ദേഹത്തെ എത്തിക്കും.
”വെള്ളിയാഴ്ച രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഞങ്ങളുടെ ഉദ്യോഗസ്ഥരുമായി അദ്ദേഹം സഹകരിച്ചിരുന്നില്ല. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും,” ഇ.ഡി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്തയാളായ അര്‍പിത മുഖര്‍ജിയെയും സമാന കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍പിത മുഖര്‍ജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നും രേഖയില്‍ പെടാത്ത 20 കോടി രൂപ ഇ.ഡി കണ്ടെടുത്തിരുന്നു.
നിലവില്‍ മമത ബാനര്‍ജി സര്‍ക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് പാര്‍ഥ ചാറ്റര്‍ജി. കേസിനാസ്പദമായ അധ്യാപകനിയമന തട്ടിപ്പ് നടന്ന സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.
അധ്യാപകനിയമന തട്ടിപ്പ് കേസില്‍ നേരത്തെ സി.ബി.ഐയും പാര്‍ഥ ചാറ്റര്‍ജിയെ ചോദ്യം ചെയ്തിട്ടുണ്ട്.
തട്ടിപ്പിന്റെ ഭാഗമായവരുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
Content Highlight: ED arrests West Bengal minister Partha Chatterjee in teachers recruitment scam