പി.എന്‍.ബി വായ്പാ തട്ടിപ്പ്; നീരവ് മോദിയുടെ അടുത്ത കൂട്ടാളി അറസ്റ്റില്‍
PNB fraud
പി.എന്‍.ബി വായ്പാ തട്ടിപ്പ്; നീരവ് മോദിയുടെ അടുത്ത കൂട്ടാളി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th March 2018, 7:10 pm

മുംബൈ: 12,000 കോടിയുടെ പി.എന്‍.ബി വായ്പാ തട്ടിപ്പില്‍ നീരവ് മോദിയുടെ അടുത്ത കൂട്ടാളി ശ്യാം സുന്ദര്‍ വാധ്വയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നീരവ് മോദിയുടെ വജ്ര സംരംഭമായ ഫയര്‍സ്റ്റാറിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അറസ്റ്റിലായ വാധ്വ.

“ശ്യാം സുന്ദര്‍ വാധ്വ നിരോദ് മോദിയുടെ അടുത്ത കൂട്ടാളിയാണ്. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്കും പണം തട്ടിപ്പില്‍ പങ്കുണ്ട്”, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടെറിങ് ആക്റ്റ് (പി.എം.എല്‍.എ) പ്രകാരമാണ് അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തെറ്റിദ്ധരിപ്പിക്കാനാണ് ആദ്യം വാധ്വ ശ്രമിച്ചതെന്നും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന ആദ്യ അറസ്റ്റാണ് ഇത്. വാധ്വയെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കും.

പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് 2 തട്ടിപ്പു കേസുകളാണ് നീരവ് മോദിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശത്തേക്ക് കടന്ന മോദിയെ അറസ്റ്റു ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്ന് മോദിക്കെതിരെ മുംബൈ സ്പെഷല്‍ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.


Related News: 

നീരവ് മോദിയുടെ അപ്പാര്‍ട്ടമെന്റില്‍ റെയ്ഡ്; 10 കോടി രൂപയുടെ വജ്ര മോതിരമടക്കം 26 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു


Also Read: 

മോദിയ്ക്ക് നവാസ് ഷെരിഫിനെ കാണാമെങ്കില്‍ ഞാന്‍ മമതയെ കാണുന്നതില്‍ എന്താണ് തെറ്റ്: സഞ്ജയ് റാവത്ത്