ഉത്തര്‍പ്രദേശില്‍ സ്‌കോളര്‍ഷിപ്പ് കുംഭകോണമെന്ന് ഇ.ഡി; ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള 75 കോടിയുടെ സ്‌കോളര്‍ഷിപ്പ് ദുരുപയോഗം ചെയ്തു
national news
ഉത്തര്‍പ്രദേശില്‍ സ്‌കോളര്‍ഷിപ്പ് കുംഭകോണമെന്ന് ഇ.ഡി; ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള 75 കോടിയുടെ സ്‌കോളര്‍ഷിപ്പ് ദുരുപയോഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 1:14 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട 75 കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പ് ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പാണ് ദുരുപയോഗം ചെയ്യപ്പെട്ടതായി ഇ.ഡി കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫെബ്രുവരി 16ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഏകദേശം 75 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ലഖ്‌നൗ, ഹര്‍ദോയി, ഫറൂഖാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ കോളേജുകളാണ് ഇതിന് പിന്നിലെന്നും ഇ.ഡി പറയുന്നു.

പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ പഠിക്കുന്ന എസ്.സി, എസ്.ടി വിഭാഗങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. എന്നാല്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനര്‍ഹരായ നിരവധി വിദ്യാര്‍ത്ഥികളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് നേടുകയും അത് നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി പറഞ്ഞു.

എസ്.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മാംപൂര്‍, ഹൈജിയ കോളേജ് ഓഫ് ഫാര്‍മസി, ഹൈജിയ ഇന്‍സ്റ്റ്യൂട്ട് ഓഫ് പാര്‍മസി/ സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാര്‍മസി, ലഖ്‌നൗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എജ്യൂക്കേഷന്‍, ഡോ. ഓംപ്രകാശ് ഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ഡോ. ഭീം റാവു അംബേദ്കര്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ജീവിക കോളേജ് ഓഫ് ഫാര്‍മസി, ആര്‍.പി ഇന്റര്‍ കോളേജ്, ഗ്യാന്‍വാപി ഇന്റര്‍ കോളേജ്, ജഗ്ദീഷ് പ്രസാദ് ഉച്ഛാതര്‍ മാധ്യമിക് വിദ്യാലയ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇ.ഡി പറയുന്നത്.

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി സ്‌കോളര്‍ഷിപ്പ് കൈക്കലാക്കുകയും അത് ദുരുപയോഗം ചെയ്‌തെന്നും ഇ.ഡി ആരോപിച്ചു. ഈ സ്‌കോളര്‍ഷിപ്പ് കുംഭകോണം സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ അസ്ഥിരപ്പെടുത്തുമെന്നും ഇ.ഡി പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് നേടുന്നതിനായി 7-12 വയസുവരെയുള്ള വിദ്യാര്‍ത്ഥികളുടെയും 45 വയസിന് മുകളിലുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മൂവായിരത്തിലധികം അക്കൗണ്ടുകളാണ് സ്‌കോളര്‍ഷിപ്പ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും ഇ.ഡി പറയുന്നു.

ഈ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഗ്രാമീണരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഒരു തരത്തിലുള്ള ഫണ്ടും ഗ്രാമീണര്‍ക്ക് ലഭിച്ചിട്ടുമില്ല.

സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യണം എന്ന ചട്ടവും ഇവര്‍ തെറ്റിച്ചതായി ഇ.ഡി കണ്ടെത്തി.

ഇ.ഡി നടത്തിയ പരിശോധനയില്‍ ‘നിരവധി’ സിം കാര്‍ഡുകളും സ്റ്റാമ്പുകളും സീലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ 36.51 ലക്ഷം രൂപയും 956 യു.എസ് ഡോളറും പിടിച്ചെടുത്തു.

 

content Highlight:  ED alleged student scholarship worth 75 crore misappropriated by some education institutes in UP