മോസ്‌കോ: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വീക്കിലീകസ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ മോചനത്തിനായി റഷ്യന്‍ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇപ്പോള്‍ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ മറ്റേതെങ്കിലും രാജ്യത്തേക്ക് കടത്താനായിരുന്നു റഷ്യന്‍ ഇടപെടല്‍. ഇതിനായി റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഇക്വഡോറുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.
അതേസമയം റഷ്യന്‍ ഇടപെടല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ നിന്നും റഷ്യന്‍ ഏജന്‍സികള്‍ പിന്‍മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012 മുതല്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. യു.എസ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ രേഖകള്‍ വീക്കിലീക്‌സ് പുറത്തുവിട്ടതു മുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്.
അമേരിക്കന്‍ ഭീഷണിയും സൈനിക നടപടികളും ഭയന്നാണ് അസാന്‍ജ് ബ്രിട്ടനിലെത്തിയത്. ഇതിനിടെ 2010 ലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.