| Thursday, 29th March 2018, 9:30 am

ജൂലിയന്‍ അസാന്‍ജിനെ കൈവിട്ട് ഇക്വഡോറും; വീണ്ടും ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് നല്‍കിയിരുന്ന ഇന്റര്‍നെറ്റ് സൗകര്യം വീണ്ടും റദ്ദാക്കി ഇക്വഡോര്‍. ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന അസാന്‍ജ് ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍നെറ്റ് സേവനം എടുത്ത് കളഞ്ഞത്.

“ജൂലിയന്‍ അസാന്‍ജിന് ലണ്ടനിലെ ഇക്വഡോര്‍ എംബസിക്ക് പുറത്തേക്ക് ആശയവിനിമയം നടത്താനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ എടുത്തു കളയുന്നു” എന്നാണ് ഇക്വഡോര്‍ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്. ഇതിന് മുന്‍പ് 2016 ഒക്ടോബറിലും ഇക്വഡോര്‍ അസാന്‍ജിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ എടുത്ത് കളഞ്ഞിരുന്നു.


Read Also: മലാല പാകിസ്താനില്‍ തിരിച്ചെത്തി; വെടിയേറ്റതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം


യൂറോപ്യന്‍ യൂണിയന്റെയും മറ്റ് രാജ്യങ്ങളുടെയും കാര്യങ്ങളില്‍ ഇടപെടരുതെന്ന കരാറിലാണ് അഭയം നല്‍കിയതെന്നും എന്നാല്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അസാന്‍ജ് കരാര്‍ ലംഘിച്ചതായും ഇക്വഡോര്‍ ആരോപിച്ചു. അസാന്‍ജിന്റെ സോഷ്യല്‍മീഡിയ കുറിപ്പുകള്‍ ബ്രിട്ടണുമായുള്ള നയതന്ത്രബന്ധത്തെ ബാധിച്ചതായും ഇക്വഡോര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഏത് സന്ദേശമാണെന്ന് കരാര്‍ലംഘനത്തിന് കാരണമായതെന്ന് വ്യക്തമാക്കിയില്ല.


Read Also: ‘സൗദി സഖ്യം യുദ്ധം അവസാനിപ്പിക്കണം; വേണ്ടത് രാഷ്ട്രീയമായ പരിഹാരമാണ്’ യെമനിലെ ദുരിതാശ്വാസത്തിന് ഫണ്ട് നല്‍കിയ സൗദി രാജകുമാരനോട് യു.എന്‍


എന്നാല്‍ ഇക്വഡോറുമായി ഇങ്ങനെയൊരു കരാറില്‍ അസാന്‍ജ് ഏര്‍പ്പെട്ടിരുന്നില്ലെന്ന് വിക്കിലീക്‌സ് ട്വിറ്ററില്‍ അറിയിച്ചു.

2012 മുതല്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. യു.എസ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ രേഖകള്‍ വീക്കിലീക്സ് പുറത്തുവിട്ടതു മുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്. അമേരിക്കന്‍ ഭീഷണിയും സൈനിക നടപടികളും ഭയന്നാണ് അസാന്‍ജ് ബ്രിട്ടനിലെത്തിയത്. ഇതിനിടെ 2010 ലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.


Watch DoolNews Special :  പൂനൂർ പുഴയിലെ വെള്ളമാണോ നിങ്ങൾ കുടിക്കുന്നത്?

We use cookies to give you the best possible experience. Learn more