ന്യൂദല്‍ഹി: ദല്‍ഹിയിലെ ചരിത്രപരമായ രാം ലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മെഗാ റാലിക്ക് മുന്‍പേ ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ സമ്പദ് വ്യവസ്ഥ ഐ.സി.യുവില്‍ ആണെന്നും ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിന് കീഴില്‍ ജനാധിപത്യം കൊലചെയ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ദല്‍ഹിയില്‍ ഭാരത് ബച്ചാവോ റാലി നടക്കുന്നത്.
നേതാക്കളായ അഹമ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അവിനാശ് പാണ്ഡെ തുടങ്ങിയവരും പങ്കെടുക്കും.
ഇന്ത്യയില്‍ റാലി നടക്കുന്ന അതേസമയം തന്നെ ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശരാജ്യങ്ങളില്‍ ഓവര്‍സീസ് കോണ്‍ഗ്രസും വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തും.