ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ മുന്നോട്ടുവച്ച ഒരു ആശങ്ക ജനസംഖ്യാ നിരക്കിലുണ്ടാവുന്ന വര്‍ദ്ധനവിനെക്കുറിച്ചായിരുന്നു. ജനസംഖ്യാ വര്‍ധന രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും അതിനെ നേരിടേണ്ടത് വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍, മോദി ഉന്നയിച്ച ജനസംഖ്യാനിരക്കിലെ വര്‍ധന വാസ്തവ വിരുദ്ധമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രത്യുല്‍പാദന നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം വളരെ മുന്നോട്ടുപോയെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. സ്ഥിരതയുള്ള അളവില്‍ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ ശരാശരി കുട്ടികളുടെ എണ്ണത്തിന് തൊട്ടുമുകളില്‍മാത്രമാണ് ദേശീയ പ്രത്യുല്‍പാദന നിരക്കെന്നാണ് കണക്ക്.
2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വെയുടെ നിരീക്ഷണ പ്രകാരം ഇന്ത്യയില്‍ അവസാന വര്‍ഷങ്ങളിലായി ജനസംഖ്യാ നിരക്കിലെ വര്‍ധന കുറയുന്നെന്ന് വ്യക്തമാക്കിയിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ 2017 ലെ കണക്കുപ്രകാരം രാജ്യത്തിന്റെ പ്രത്യുല്‍പാദന നിരക്ക് 2.2 ആണ്. ഫോര്‍ത്ത് ഫാമിലി ഹെല്‍ത്ത് സര്‍വെയും ഇത് ശരിവക്കുന്നു. 2.1 ആണ് ആവശ്യമായത്.
നിലവില്‍ പ്രത്യുല്‍പാദന നിരക്ക് കൂടുലുള്ളത് യു.പി, ബീഹാര്‍, മധ്യപ്രദേശ്, രജസ്ഥാന്‍, അസം, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. കാലക്രമേണ ഇവിടുത്തെ പ്രത്യുല്‍പാദന നിരക്കും കുറയുമെന്നാണ് കണക്കുകള്‍ മുന്നോട്ടുവക്കുന്ന പ്രധാന കാര്യം.
രാജ്യത്ത് ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലും സ്ഥിരാടിസ്ഥാനത്തില്‍ നിരക്ക് കുറയുകയാണെന്നാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 1991ല്‍നിന്നും 2017ല്‍ എത്തുമ്പോഴേക്കും പ്രത്യുല്‍പാദന നിരക്ക് 3.6ല്‍നിന്നും 2.2 ആയി കുറഞ്ഞു.