വസ്ത്ര വിപണിയുടെ ഉത്സവകാലമാണ് ദീപാവലി സീസണ്‍. എന്നാല്‍ അടിവസ്ത്രങ്ങളുടെ വ്യാപാരം കുത്തനെ താഴേക്ക് പോവുകയാണെന്നാണ് കണക്കുകകളും കമ്പനികളും വ്യക്തമാക്കുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വിപണി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ പിന്നോക്കമാണെന്ന് വ്യക്തമാക്കുകയാണ് രാജ്യത്തെ പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ ലക്‌സ് കോസിയും ഡോളറും, റൂപയും.
ജി.എസ്.ടി നടപ്പിലാക്കിയതും നോട്ടുനിരോധനത്തിനും പിന്നാലെ അടിവസ്ത്ര വിപണിയിലുള്ള ചെറുകിട, ലോക്കല്‍ റീട്ടെയ്ല്‍ ഷോപ്പുകളുടെ സാമ്പത്തീകാരോഗ്യം ദയനീയാവസ്ഥയിലാണെന്ന് നിര്‍മ്മാതാക്കളും വിദഗ്ധരും ‘ദ പ്രിന്റി’നോട് വ്യക്തമാക്കി.
ഇതര ബ്രാന്‍ഡുകളുടെ വില്‍പനക്കാരായ ലോക്കല്‍ ഷോപ്പുകള്‍ അടിവസ്ത്രങ്ങള്‍ വ്യാപകമായി വാങ്ങി സൂക്ഷിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ കമ്പനികള്‍ക്ക് പണം രൊക്കമായി കൊടുക്കാത്തതിനാല്‍ അത് നിര്‍മ്മാതാക്കളുടെ മൂലധനത്തെ ബാധിക്കുകയും ചെയ്യുകയാണ്.
രാജ്യത്ത് ഒരു ലക്ഷത്തിലധികം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലറ്റുകളുണ്ട്. ഇവയിലൂടെയാണ് ആകെ അടിവസ്ത്ര വിപണനത്തിന്റെ 60 ശതമാനവും സാധ്യമാവുന്നത്. ബാക്കിയുള്ള 40 ശതമാനം മാത്രമാണ് ഓണ്‍ലൈനായും ഷോപ്പിങ് മാളുകളിലൂടെയും മറ്റും വിറ്റുപോവുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2014ലെ ഒരു കണക്കനുസരിച്ച് അന്ന് ഇന്ത്യയിലെ അടിവസ്ത്ര വ്യാപാരം 19,950 കോടിയുടെ വളര്‍ച്ചയിലായിരുന്നു. ഇത് 2024 ആകുമ്പോഴേക്കും 13 ശതമാനം വര്‍ദ്ധിച്ച് 68,270 കോടിയാകുമെന്നായിരുന്നു അനുമാനം.
വരുമാനത്തിലെ വര്‍ദ്ധന, ചെലവഴിക്കുന്നതിലെ വിവേചനാധികാരത്തിന്റെ ഉയര്‍ച്ച, സ്ത്രീ തൊഴിലാളികളുടെ വര്‍ദ്ധന, ഫാഷന്‍ ചിന്തകളിലെ വളര്‍ച്ച എന്നി പരിഗണിച്ചായിരുന്നു അടിവസ്ത്ര വിപണി പത്തുവര്‍ഷം കൊണ്ട് 13 ശതമാനമുയരുമെന്ന് കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ആറുമാസത്തെ കണക്കുനോക്കിയാല്‍ അടിവസ്ത്ര വിപണി ഇടിയുകയാണെന്ന് വ്യക്തമാവുകയാണെന്ന് റൂപയുടെ മാനേജിങ് ഡയറക്ടര്‍ കെ.ബി അഗര്‍വാല ‘ദ പ്രിന്റി’നോട് പറഞ്ഞു.
‘വില്‍പനയില്ലാതെ വിപണി തകരുകയാണ്. റിയല്‍ എസ്റ്റേറ്റും പാര്‍ലെ ജി ബിസ്‌കറ്റും ഇടിഞ്ഞതുപോലെ എല്ലാ മേഖലയിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. ഞങ്ങളുടെ വില്‍പന പത്തുമുതല്‍ 1 5 ശതമാനം വരെ കുറഞ്ഞു. ഈ ഉത്സവകാലംപോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ശോഭയില്ലാതായിരിക്കുകയാണ്’, അഗര്‍വാല പറഞ്ഞു.
സാധാരണ കുറഞ്ഞത് 20 ശതമാനമെങ്കിലും ഉത്സവകാലത്ത് കച്ചവടം കൂടുമായിരുന്നെങ്കിലും ഇത്തവണ അതിന്റെ പകുതിപോലുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘വളരെ ദുരിതപൂര്‍ണമായ അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉത്സവ കാലം തുടങ്ങുന്നതിന് മുമ്പേ വിപണി 40 ശതമാനം ഇടിവ് നേരിട്ടു. ഇപ്പോഴത് വീണ്ടും 25 ശതമാനം കൂടി ഇടിഞ്ഞു’, ലക്‌സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ അശോക് കുമാര്‍ തോഡി പറയുന്നു.
ചെറുകിട കച്ചവടക്കാരെ ഈ അവസ്ഥയില്‍നിന്നും കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ടാല്‍ മാത്രമേ വിപണി തിരിച്ചുപിടിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗ്രാമീണ, അര്‍ധ നഗര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിര്‍മ്മാണം നടത്തുന്ന ഡോളറിന്റെ എം.ഡി വിനോദ് കുമാര്‍ ഗുപ്ത പറയുന്നത് ഇന്നുവരെ ഇത്രവലിയ പ്രതിസന്ധി നേരിട്ടിട്ടില്ല എന്നാണ്. ‘ആളുകള്‍ അടിവസ്ത്രം വാങ്ങുന്നതില്‍നിന്നും മാറി നില്‍ക്കും എന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. ഉത്സവകാലം പോലും വിപണിയെ ഉണര്‍ത്തുന്നില്ല’, ഗുപ്ത പറഞ്ഞു.
രാജ്യത്തെ പ്രമുഖ നാല് അടിവസ്ത്ര കമ്പനികള്‍ കനത്ത ഇടിവിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദീപാവലി സീസണിലെ കച്ചവടത്തിലൂടെ നഷ്ടം നികത്താമെന്നായിരുന്നു കമ്പനികളുടെ അന്നത്തെ പ്രതീക്ഷ. എന്നാല്‍ ദീപാവലിയും ഇവരുടെ പ്രതീക്ഷകളെ കൈവിട്ടിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ