| Friday, 27th December 2019, 9:24 pm

രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷം; പെട്ടന്ന് രക്ഷപെടില്ലെന്ന് വിദഗ്ധര്‍; ഉറപ്പിക്കുന്ന അഞ്ച് കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപമായി പ്രതിഷേധങ്ങള്‍ ഉയരവെത്തന്നെ, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. ഇപ്പോള്‍ തെരുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഉടന്‍ അണയാന്‍ ഇടയില്ലെന്നും സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനം പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിന്റെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സഞ്ജയ് കുമാര്‍ പറഞ്ഞു.

നിരവധി നഗരങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ശ്രദ്ധ തിരിക്കാനായാണ് ബി.ജെ.പി പൗരത്വ നിയമം കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തികാവസ്ഥ ഐ.സി.യുവിലാണെന്നും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്‍.ഡി ടി.വിയുടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജി.ഡി.പി വളര്‍ച്ചയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടായി എന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ എത്രയോ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തികാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്ന അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.

സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്:

1. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ.എം.എഫ് വ്യക്തമാക്കി. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ഇന്ത്യ കരകയറുന്നത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കാലതാമസമെടുത്താവുമെന്ന് ഐ.എം.എഫിന്റെ ഇന്ത്യന്‍ മിഷന്‍ തലവന്‍ റെനില്‍ രോഹിത് ഇനാനി ഹഫ്‌പോസ്റ്റുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

2. കഴിഞ്ഞ 40 മാസങ്ങളിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലാണ് രാജ്യമെന്നാണ് നവംബറിലെ കണക്ക്. നാണയപ്പെരുപ്പം ഉയരുകയും സാമ്പത്തിക വളര്‍ച്ചകുറയുകയും ചെയ്യുന്ന നിലവിലെ അവസ്ഥ കടുത്ത വെല്ലുവിളിയുയര്‍ന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

3. കയറ്റുമതി താല്‍കാലികമായി നിര്‍ത്തിവക്കാനുള്ള തുര്‍ക്കിയുടെ തീരുമാനം മൊത്ത വിപണയില്‍ ഉള്ളിവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയാണ് ഉയര്‍ത്തുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉള്ളിവില പത്തുമുതല്‍ 15 ശതമാനം വരെ ഉയരുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. വിപണിയില്‍ നല്ലയിനം ഉള്ളിക്ക് ഉപ്പോഴും 100 മുതല്‍ 150 വരെയാണ് വില.

സാമ്പദ് വ്യവസ്ഥയുടെയും ഭരണത്തിന്റെയും നിലവിലെ അവസ്ഥയുടെ സിംബോളിക് മാര്‍ക്കറായാണ് സാമ്പത്തിക വിദഗ്ധര്‍ ഉള്ളിയെ കണക്കാക്കുന്നത്.

4. ഉരുളക്കിഴങ്ങ് അടക്കമുള്ള മറ്റ് പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. ദല്‍ഹിയില്‍ കിലോയ്ക്ക് 75 രൂപയാണ് ഉരുളക്കിഴങ്ങിന് വില. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ഇതിനേക്കാള്‍ ഇരട്ടിയാണ് വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പന്നങ്ങളുടെ വിളവെടുപ്പിനെ മഴ പ്രതികൂലമായി ബാധിച്ചതാണ് വിലക്കയറ്റത്തിനുള്ള ഒരു കാരണമെന്ന് ഉരുളക്കിഴങ്ങ്-ഉള്ളി കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആസാദ്പൂര്‍ മാണ്ടി പി.ടി.ഐയോട് പറഞ്ഞിരുന്നു.

പച്ചക്കറി വില വര്‍ധനയെത്തുടര്‍ന്ന് നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പെരുപ്പം 4.5-5.1 ശതമാനത്തിലേക്ക് ആര്‍.ബി.ഐ ഉയര്‍ത്തിയിരുന്നു. വില വര്‍ധന സമീപ മാസങ്ങളിലും തുടരുമെന്നാണ് ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട്.

5. പാചക എണ്ണയുടെ വിലയിലും കുത്തനെ വര്‍ധനയുണ്ടായി. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഇറക്കുമതിയിലെ വില കൂടലാണ് വര്‍ധനവിന് കാരണമായത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി പാം ഓയില്‍ വില വര്‍ധിച്ചത് എല്ലാ ഭക്ഷ്യ എണ്ണകളുടെയും വില വര്‍ധിക്കുന്നതിന് കാരണമായെന്ന് വിദഗ്ധന്‍ സലീല്‍ ജെയ്ന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമുലും മദര്‍ ഡയറിയും പാലിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്ററിന് രണ്ട് രൂപ കൂട്ടുന്നെന്നാണ് അമുല്‍ അറിയിച്ചത്. മദര്‍ ഡയറിയാവട്ടെ ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയിരിക്കുന്നത്. ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഇരു കമ്പനികളും പറയുന്നത്.

പാല്‍ വില വര്‍ധിക്കുന്നത് ഭക്ഷ്യ സാധങ്ങളുടെ പെരുപ്പത്തിലേക്ക് നയിക്കുമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ മാത്രം ഇത് 10.01 ശതമാനം വര്‍ധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more