രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴുകയാണെന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക മാന്ദ്യം പടിക്കലെത്തി എന്ന സൂചന നല്‍കുകയാണ് ഏറ്റവും പുതിയ വാര്‍ത്ത.
ദീപാവലി ചെലവിനെ കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ ചുരുക്കാനുള്ള തീരുമാനത്തിലാണ് ഭൂരിഭാഗം ഇന്ത്യക്കാരും. കണക്ക് നോക്കാതെയായിരുന്നു ദീപാവലിക്ക് ആളുകള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാനും ഒത്തുചേരലുകള്‍ നടത്താനും പണം ചെലവഴിച്ചിരുന്നതെങ്കില്‍ ഇത്തവണ അങ്ങനെയല്ല.
ദീപാവലി സീസണാണ് രാജ്യത്തെ എയര്‍ സര്‍വ്വീസുകളുടെ സുവര്‍ണ കാലം. എന്നാല്‍, ഇത്തവണ ടിക്കറ്റ് ബുക്കിങിനുപോലും തള്ളിക്കയറ്റമില്ലെന്ന് വ്യക്തമാക്കുകയാണ് എയര്‍ടിക്കറ്റ് ഏജന്‍സികള്‍ ടിക്കറ്റ് നിരക്ക് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 30 ശതമാനം കുറച്ചിട്ടും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ യാത്ര ഡോട്ട് കോം വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലുണ്ടായ ഇടിവ് ദീപാവലി സീസണില്‍ തിരിച്ചുപിടിക്കാമെന്നായിരുന്നു എയര്‍ സര്‍വ്വീസുകളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കിയിരിക്കുകയാണ് നിലവിലെ അവസ്ഥ.
‘പ്രതിസന്ധി ഞങ്ങളെയും ബാധിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിമാനയാത്രകള്‍ കുറയുകയാണ്. ഇതിന്റെ ഫലമായി ഞങ്ങളുടെ വരുമാനത്തിലും വലിയ കുറവാണുണ്ടാവുന്നത്. കഴിഞ്ഞ മാസങ്ങളിലും സ്ഥിതി ഇതുതന്നെയായിരുന്നു. ഇത് വ്യാവസായിക മേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുകയാണ്’, രാജ്യത്തെ ഒരു പ്രമുഖ എയര്‍ലൈന്‍ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിലവിലെ ശോചനീയമായ അവസ്ഥയെക്കുറിച്ച് പറഞ്ഞതിങ്ങനെ.
‘സാമ്പത്തിക രംഗം മാന്ദ്യത്തിലായതോടെ ഡിമാന്‍ഡ് നിശ്ചലമായിരിക്കുകയാണ്. ഇടത്തരം സാമ്പത്തികാവസ്ഥയിലുള്ള ആളുകള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എയര്‍ലൈന്‍സ് സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ഉത്സവകാലങ്ങളെ ആശ്രയിക്കുക എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്,’ മറ്റൊരു എയര്‍ലൈനിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദല്‍ഹി-ചെന്നൈ സര്‍വ്വീസുകളാണ് ആഭ്യന്തര തലത്തില്‍ വന്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്. 15 ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നവരില്‍ പലരും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് യാത്ര ഉപേക്ഷിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ കണക്കുകളെമൊത്തം നിഷേധിക്കുന്നതായിരുന്നു സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ‘സാമ്പത്തിക പ്രതിസന്ധി മൂലമല്ല ടിക്കറ്റ് നിരക്കുകള്‍ കുറച്ചത്. ഏതെങ്കിലും വിമാനത്തില്‍ യാത്രക്കാരില്ലാത്ത അവസ്ഥയുണ്ടായോ? ഇല്ല. ആളുകള്‍ അവരുടെ പണം സൂക്ഷിച്ച് വെക്കുകയാണ്. അത്രയേ ഉള്ളു’, വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യത്തെ പ്രധാന എയര്‍ലൈനുകളെല്ലാം സാമ്പത്തിക പ്രതിസന്ധി തങ്ങളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു.