നാട്ടില്‍ അല്ലെങ്കില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നാണ് ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ ഹാന്‍ഡിലുകളും പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് സാക്ഷാല്‍ മുകേഷ് അംബാനിയും കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും പറയുന്നത്.
മുകേഷ് അംബാനി രാജ്യത്ത് വെച്ചല്ല സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പറഞ്ഞത്. ഇവിടെ അത് പറഞ്ഞ് രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് വിഷമം ഉണ്ടാക്കേണ്ടെന്ന് ഒരു പക്ഷെ അദ്ദേഹം കരുതിക്കാണും. പറഞ്ഞത് തന്നെ പോലെ ബിസിനസ് ചെയ്യുന്ന വ്യവസായ പ്രമുഖര്‍ പങ്കെടുത്ത റിയാദിലെ ആഗോള സമ്മേളനത്തിലായിരുന്നു.
വര്‍ഗബോധമാണോ ആ സത്യം പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നറിയില്ല, അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യത്ത് മാന്ദ്യമുണ്ട് എന്നായിരുന്നു. ഇത് മറികടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം അതിനൊപ്പം പറഞ്ഞു.
നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂലകാരണമെന്ന് ആര്‍.ബി.ഐ അടക്കം സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. ഈ പരിഷ്‌ക്കരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമെന്നാണ് മുകേഷ് അംബാനിയും സൂചിപ്പിക്കുന്നത്.
അംബാനിക്ക് പിന്നാലെ യെദിയൂരപ്പയും ഇപ്പോള്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ്. ഒരു പക്ഷെ അതായിരിക്കാം കര്‍ണാടക സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക കുറഞ്ഞുപോയതെന്ന് അദ്ദേഹം സംശയിക്കുന്നു.
വാഹന വ്യവസായം, അടിവസ്ത്ര വ്യവസായം, വജ്ര വ്യാപാരം തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജി.എസ്.ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയിയും വ്യക്തമാക്കിയിരുന്നു.
കോര്‍പ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയില്‍ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.
ഈ കണക്കുകളൊക്കെ വന്നിട്ടും ഇപ്പോഴും രാജ്യത്ത് ഒരു മാന്ദ്യവുമില്ലെന്നാണ് മോദി അടക്കമുള്ള ഭരണാധികാരികള്‍ പറയുന്നത്.