ജനാധിപത്യത്തില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന, സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വര്‍ഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് സാമ്പത്തിക സംവരണ വാദത്തിനു പിന്നില്‍
സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ആത്യന്തികമായി സംവരണം ഇല്ലാതാക്കാനാണ്. അതുകൊണ്ടാണ് വിവിധ സാമുദായിക സംഘടനകളും സി.പി.ഐ.എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെ എതിര്‍ക്കുന്നത്. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള സ:എ.കെ. ബാലന്റെ പ്രസ്താവന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഔദ്യോഗിക നയത്തിന് എതിരാണ്. പാര്‍ട്ടി തലത്തില്‍ തിരുത്തപ്പെടേണ്ടതാണ്.
1995-ല്‍ ഛത്തീസ്ഗഡില്‍ വച്ച് നടന്ന 15ാമത്പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.ഐ.എം സംവരണ നയം വ്യക്തമാക്കിയത്. അന്ന് മണ്ഡല്‍ കമ്മീഷന്‍ മുന്നോട്ടു വച്ച നയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അത് സാമ്പത്തിക സംവരണമല്ല എന്ന കാര്യം എടുത്തു പറയണ്ടല്ലോ.
എന്നാല്‍ ക്രീമിലെയര്‍ മനദണ്ഡത്തെ അംഗീകരിക്കുന്നുമുണ്ട്. അപ്പോഴും സാമുദായിക കോട്ടയില്‍ ആവശ്യത്തിന് നോണ്‍-ക്രീമിലെയറുകാരെ കിട്ടാതിരുന്നാല്‍ ആ ഒഴിവുകളിലേക്ക് അതെ സമുദായത്തിലെ ക്രീമിലയറുകാരെ പരിഗണിക്കണം എന്നുകൂടി പറയുന്നു പാര്‍ട്ടി.
പിന്നീട് പറഞ്ഞിരിക്കുന്നത് മുന്നോക്ക സമുദായത്തിലെ പരമ്പരാഗതമായി “താഴ്ന്ന” ജോലികള്‍ ചെയ്യുന്നവരുടെ കാര്യമാണ്. കേരളത്തില്‍ ഇത് നടപ്പായതാണ്. ഉദാഹരണത്തിന് വിളക്കത്തല നായര്‍ പോലുള്ള വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയത്.
അല്ലാതെ, സാമ്പത്തിക സംവരണത്തെ പാര്‍ട്ടി ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. ഇതിന് മുന്‍പ് ഇ. എം.എസും ഭരണപരിഷ്‌കരണ കമ്മീഷനും സമാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചപ്പോഴും പാര്‍ട്ടി അത് നിലപാടായി സ്വീകരിച്ചിരുന്നില്ല.
ഇന്ദ്രാ സാഹ്ണ്‌നീ കേസിലെ സുപ്രീംകോടതി വിധി വന്നതിനു ശേഷം ഇ.എം.എസ് വീണ്ടും സാമ്പത്തിക സംവരണ വാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, 1995 ഒക്ടോബര്‍ ഏഴിനു ഫ്രണ്ട്ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്സിസ്റ്റ് നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ്. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്ത പശ്ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന് അദ്ദേഹം പറയുന്നു.
ക്രീമിലെയര്‍ സംവിധാനത്തിലെ വലിയ പോരായ്മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന് പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം.
ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന് ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്സിയന്‍ കാഴ്ച്ചപ്പാടിലേക്കു തന്നെയാണ് ഇ.എം.എസ്. 1995-ലും ചെന്നെത്തുന്നത്
എന്നാല്‍ 15-ആം പാര്‍ട്ടി കോണ്‍ഗ്രസ് ആ നയമല്ല സ്വീകരിച്ചത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന ഇ.എം.എസ് നയം പാര്‍ട്ടി തള്ളി. അത് നയ രേഖയില്‍ ഉള്‍പ്പെടുത്തിയില്ല. ഈ തീരുമാനം അതിനു ശേഷം നടന്ന കോണ്‍ഗ്രസുകളില്‍ ഒന്നും പുനഃപരിശോധിക്കപ്പെട്ടിട്ടില്ല.
ഇന്നലത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. 2003-ല്‍ വാജ്‌പേയീ ഗവണ്‍മെന്റ് സ്വീകരിച്ചതിനു സമാനമായ നാടകമാണ് മോഡി ഗവണ്‍മെന്റിന്റെ പുതിയ സംവരണ പ്രഖ്യാപനവും എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2003-ലെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന വീണ്ടും പങ്കുവച്ചിട്ടുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം ന്യൂനപക്ഷങ്ങള്‍ക്കുള്‍പ്പടെയുള്ള സംവരണ ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. സംവരണം ഒരു ദരിദ്ര-നിര്‍മാര്‍ജന മാര്‍ഗമല്ല. പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. അതൊരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ആശയമാണ്.
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം എല്ലാവരെയും തുല്യരായിക്കാണുന്ന, സാര്‍വത്രിക വോട്ടവകാശമുള്ള ജനാധിപത്യ സംവിധാനമാണ് നമ്മള്‍ തെരഞ്ഞെടുത്തത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ഭരണ നിര്‍വഹണം നടത്തേണ്ടത്. കടലാസില്‍ ഇത് വളരെ മഹത്തായൊരു ആശയമാണെങ്കിലും, പ്രായോഗിക തലത്തില്‍ ഒരുപാട് അപകട സാധ്യതള്‍ അതിനുണ്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്ന ഭരണകൂടം എന്ന് പറയുന്നത് ഒരു പക്ഷെ രാജ്യത്തെ ഏറ്റവും പ്രബലമായ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ ആയിരിക്കാം. അതായത് വംശീയമോ, വര്‍ഗീയമോ, മത-ജാതി ഭേദങ്ങളിലധിഷ്ഠിതമോ, ഭാഷാപരമോ ഒക്കെയായ ഭൂരിപക്ഷത്തിന് ആധിപത്യം ലഭിക്കുവാന്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സാധിക്കും. (ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത് ജനാധിപത്യത്തിലൂടെ ആയിരുന്നു എന്നോര്മിക്കുക).
അത് ഒരു തരത്തില്‍ ആള്‍ക്കൂട്ട ഭരണത്തിലേക്കും, ന്യൂനപക്ഷ പീഡനങ്ങളിലേക്കുമൊക്കെയാകാം രാജ്യത്തെ നയിക്കുന്നത്. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങല്‍ തീര്‍ച്ചയായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടും. ഫലത്തില്‍ ജനാധിപത്യം എന്നത് ആള്‍ക്കൂട്ട ഭരണമായി മാറും. ഇതിനു പരിഹാരമായാണ് എല്ലാ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും ഭരണത്തില്‍, അത് നിയമ നിര്‍മാണ സഭകളിലായാലും, ഉദ്യോഗസ്ഥ സംവിധാനത്തിലായാലും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുള്ള മാര്‍ഗമായിരുന്നു സംവരണം.
അതുകൊണ്ട് തന്നെ ഭരണഘടനയില്‍ സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്. നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആര്‍ട്ടിക്കിള്‍ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകള്‍ ആര്‍ട്ടിക്കിള്‍ പതിനാല് മുന്നോട്ടു വയ്ക്കുന്ന തുല്യതാ സങ്കല്‍പ്പത്തിന് അനുപൂരകമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്?
- 1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)
- 2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ആര്‍ട്ടിക്കിള്‍ 15(4)
- 3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക് (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത് ആര്‍ട്ടിക്കിള്‍ 15(4)ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്.
- 4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ആര്‍ട്ടിക്കിള്‍ 46)
- 5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).
ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്.
ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന് സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട് എന്നതാണ് വിദഗ്ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത് ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. ഉദാഹരണത്തിന്, പട്ടിക ജാതിക്കാര്‍ക്ക് സംവരണം ഉള്ളതുകൊണ്ട് പട്ടികജാതിക്കാരല്ലാത്ത വനിതകള്‍ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തണം എന്ന് പറയുന്നതുപോലെയെ ഒള്ളൂ അത്. രണ്ടും രണ്ട് ക്രൈറ്റീരിയ ആണ്. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്. സാമാന്യ നീതിയുടെ ലംഘനമാണ്.
ദാരിദ്യം എന്നത് മനുഷ്യനെ ചരിത്രപരമായും ജന്മ ജന്മാന്തരങ്ങളായും ഒരു കള്ളിയിലേക്ക് ഒതുക്കുന്ന വിഭാഗീകരണമല്ല. “ഉന്നത” ജാതിയില്‍ പെട്ട ദരിദ്രന്‍ പണമില്ലാത്തതുകൊണ്ടു മാത്രം സാമൂഹികവും ചരിത്രപരവുമായ അവശത അനുഭവിക്കുന്നില്ല. പണം ഉണ്ടായാല്‍ അവരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നു. എന്നാല്‍ “താഴ്ന്ന” ജാതിയില്‍ പെട്ടവര്‍, ന്യൂന പക്ഷവിഭാഗങ്ങള്‍ എന്നിവരൊക്കെ പണമുണ്ടാക്കിയതുകൊണ്ടു മാത്രം ജന്മാന്തരങ്ങളായി അനുഭവിക്കുന്ന സാമൂഹിക അവശതകളില്‍ നിന്ന് പുറത്തു കടക്കുന്നില്ല. പണമെത്ര ഉണ്ടെങ്കിലും ആള്‍ക്കൂട്ട നീതി മുന്നോട്ടു വയ്ക്കുന്ന അപകടകരമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മവര്‍ മുക്തരാകുകയുമില്ല. അതെ സമയം ദാരിദ്ര്യം മുന്നോക്ക വിഭാഗക്കാര്‍ക്ക് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒരുക്കുന്നുമില്ല.
ആത്യന്തികമായി ജനാധിപത്യ വ്യവസ്ഥിതി ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ ഭരണഘടനാ ഒരുക്കുന്ന പ്രതിരോധമായ സംവരണം എന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. ക്രമേണ സംവരണത്തെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയാക്കി ഒതുക്കി, സാമ്പത്തികമായി മുന്നോക്കമെത്തിയാല്‍ ഇന്ന് പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങളെ സംവരണത്തില്‍ നിന്നും ഒഴിവാക്കി, ജനാധിപത്യ പ്രക്രിയയില്‍, ഭരണ സംവിധാനങ്ങളില്‍ അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്യും അത്.
അതുവഴി ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം പ്രതിനിധ്യമുള്ള സംവിധാനമായി രാജ്യത്തെ ജനാധിപത്യത്തെ മാറ്റി തീര്‍ക്കുകയും അങ്ങനെ ഭരണഘടനാ ശില്‍പ്പികള്‍ ഭയപ്പെട്ട, തടയണം എന്ന ആഗ്രഹിച്ച ആള്‍ക്കൂട്ട നീതിയുടെ, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വര്‍ഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് ഈ സാമ്പത്തിക സംവരണ നീക്കം. അതിന് ഇടതുപക്ഷത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ പോലും പിന്തുണ നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന, നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അടിസ്ഥാനഘടനയ്ക്കുതന്നെ തുരങ്കം വയ്ക്കുന്ന ഇത്തരം നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.