| Sunday, 30th August 2020, 6:31 pm

ഇടതു സര്‍ക്കാറിന്റെ മുന്നോക്ക സംവരണം ചര്‍ച്ചയാകുമ്പോള്‍

ആര്യ. പി

സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം 2020 ആഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് പി.എസ്.സി യോഗം അംഗീകരിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം പി.എസ്.സിക്കു സര്‍ക്കാര്‍ അയച്ചിരുന്നു. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പി.എസ്.സി അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ കൂടി ഈ ഭേദഗതി അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്പത്തിക സംവരണം നിലവില്‍ വരും.

ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്നു 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിന് നീക്കി വയ്ക്കുക. മുന്നോക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സംവരണത്തിന് അര്‍ഹത ഉണ്ടാകുക. 2020 ജനുവരി ഒന്നിനാണ് മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% ഉദ്യോഗ സംവരണം നടപ്പിലാക്കാന്‍ പിണറായി വിജയന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് കെ.ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന സര്‍വീസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും 10% സംവരണം നല്‍കാനായിരുന്നു തീരുമാനം. നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണ ആനുകൂല്യമുണ്ടാകും. എന്നാല്‍ പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കിയത് ആ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്.

ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരന്‍നായര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണിതെന്നും മൂന്നു വര്‍ഷം കൂടുമ്പോള്‍ അവലോകനം നടത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്താനുള്ള വ്യവസ്ഥയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അതിനാല്‍ വ്യവസ്ഥകളില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നിയമസഭയില്‍ പി. സി ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി 2020 മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി പറഞ്ഞത്.

”സംവരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പല കാരണങ്ങളാല്‍ സംസ്ഥാനത്തിന് അതേപടി സ്വീകരിക്കാന്‍ കഴിയുന്നവയല്ല. ക്രീമി ലെയര്‍ ആനുകൂല്യത്തിന് സംസ്ഥാനത്ത് വാര്‍ഷിക വരുമാനപരിധി 8 ലക്ഷമാണ്. ഇതേ വരുമാനപരിധിയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ക്രീമി ലെയര്‍ സംവരണം സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിക്കുമ്പോള്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം സാമ്പത്തിക മാനദണ്ഡം മാത്രം പരിഗണിച്ചുള്ളതാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കമീഷനെ നിയമിച്ചത്. കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു”, എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പിണറായി വിജയന്‍

അതേസമയം സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഇടതുപക്ഷമാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നതെന്നും സംവരണത്തെ ഇത്തരത്തില്‍ അട്ടിമറിച്ച ഇടത് സര്‍ക്കാരില്‍ നിന്നും ഇങ്ങനെയാരു തീരുമാനം വന്നതില്‍ അതിശയോക്തിയില്ലെന്നുമായിരുന്നു എഴുത്തുകാരനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നിര്‍മ്മിച്ചപ്പോള്‍ ഇന്ത്യയിലെ ഏതാണ്ട് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുന്നോക്ക ജാതിയില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കണമെന്ന തീരുമാനത്തിനെതിരെ രണ്ട് മുസ്ലീം പാര്‍ട്ടികള്‍ മാത്രമാണ് എതിര്‍ത്തത്. ഇപ്പോള്‍ കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇടതുപക്ഷമാണ് ഇന്ത്യയിലെ ചരിത്രത്തില്‍ ആദ്യമായി സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ ആക്കണം എന്ന് ആവശ്യപ്പെടുന്നത്.

സംവരണം വേണ്ടെന്ന് പറയുന്നവരും വേണമെന്ന് പറയുന്നവരും ഉണ്ടായിരുന്നെങ്കിലും അശാസ്ത്രീയമായി എങ്ങനെ സംവരണത്തെ അട്ടിമറിക്കാമെന്ന് ആദ്യം കണ്ടുപിടിച്ചത് ഇ.എം.എസ് ആണ്. അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ ഒട്ടും അതിശയോക്തിയില്ല.

സാമ്പത്തിക സംവരണം നല്‍കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ സി.പി.ഐ.എം നേതാവായ കോടിയേരി ബാലകൃഷ്ണന്‍ അന്ന് പറഞ്ഞ കാര്യം, ഇത് പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ നടപ്പിലാക്കിയതാണെന്നാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകാരം കൊടുത്തു എന്ന് പറയുന്നതില്‍ യാതൊരു വിധ അതിശയത്തിനും വഴിയൊരുക്കുന്നില്ല.’, സണ്ണി എം കപിക്കാട് പറഞ്ഞു.

സണ്ണി എം കപിക്കാട്

പി.എസ്.സി നിയമനങ്ങളില്‍ നടക്കുന്ന അട്ടിമറിയെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ കുറേ വര്‍ഷമായി ഒഴിവുകള്‍ കണക്കാക്കുന്നതില്‍ കള്ളക്കള്ളികള്‍ നടത്തിക്കൊണ്ട് സംവരണത്തെ നിരന്തരമായി അട്ടിമറിക്കുന്ന സ്ഥാപനമായി പി.എസ്.സി മാറി. അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് സവര്‍ണര്‍ക്ക് സംവരണം കൊടുക്കുക എന്നത്. അതില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കി ഗസറ്റ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ തന്നെ എത്ര ധൃതിപിടിച്ചാണ് നമ്മുടെ സര്‍ക്കാര്‍ അത് നടപ്പിലാക്കാനായി രംഗത്തെത്തിയത്.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെന്ന് നിയമം ഉണ്ടായിട്ട്, ഒരു പൊതുപ്രവര്‍ത്തകന്‍ കോടതിയില്‍ പോയി കോടതിയെ കൊണ്ട് പറയിച്ച ശേഷമാണ് കേരളം അതില്‍ ചട്ടം പോലും ഉണ്ടാക്കിയത്. അത്രയും ആദിവാസി വിരുദ്ധതയും ദളിത് വിരുദ്ധതയുമായ ഒരു സംസ്‌ക്കാരവും രീതിയുമാണ് കേരളത്തിലെ ഭരണാധികാരികള്‍ എപ്പോഴും പിന്തുടരുന്നത്. അതുകൊണ്ട് ഇതിനകത്തൊന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ല. കാരണം അവര്‍ അതേ ചെയ്യുകയുള്ളൂ. അവര്‍ അതേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു കപിക്കാട് പറഞ്ഞത്.

ഇടതുപക്ഷ ഗവണ്‍മെന്റ് ഈ നിയമനിര്‍മാണത്തിനും മുന്‍പുള്ള ഒഴിവുകളില്‍ പോലും 10 ശതമാനം സാമ്പത്തിക സംവരണം നടത്താന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാമും രംഗത്തെത്തി.

ഓപ്പണ്‍ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതല്‍ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നുവെന്നും മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്കാണ് ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലക്കും പ്രിവിലേജുകള്‍ അനുഭവിക്കാന്‍ അവസരമുണ്ടായ ചില ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

വി.ടി ബല്‍റാം

”കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന ‘സുകൃതക്ഷയം’ മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ ‘ജനപക്ഷ’ സര്‍ക്കാരുകള്‍ നമ്മോട് പറയുന്നത്’, എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

അതേ സമയം നിലനില്‍ക്കുന്ന സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെയും സംവരണ അവകാശങ്ങളെയും ബാധിക്കാത്ത രീതിയില്‍ ഓപ്പണ്‍ ക്വാട്ടയില്‍ നിന്ന് 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക എന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാലത്ത് ഈ വിഷയം വളരെ വിവാദപരമായി നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നുമായിരുന്നു ഈ വിഷയത്തില്‍ സി.പി.ഐ.എം നേതാവും കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

”ജാതിപ്രശ്‌നത്തേയും സംവരണത്തേയുമെല്ലാം സംബന്ധിച്ച ഒരു മാര്‍ക്‌സിസ്റ്റ് നിലപാടിന്റെ പ്രശ്‌നം കൂടി ഇതില്‍ അന്തര്‍ലീനമാണ്. സാമൂഹികമായ പിന്നോക്കാവസ്ഥ എന്നത് സാമ്പത്തികമായ പിന്നോക്കാവസ്ഥയും കൂടി ആയി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പരിഹാരത്തെ സാമ്പത്തികമായ ശാക്തീകരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നായിട്ടാണ് ഇടതുപക്ഷ പാര്‍ട്ടികളെല്ലാം പൊതുവേ കാണുന്നത്.

സാമൂഹ്യമായ മര്‍ദ്ദിതാവസ്ഥ പരിഹരിക്കണമെങ്കില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ബന്ധങ്ങളിലെ അഴിച്ചുപണിയിലൂന്നിയ ഒരു സാമൂഹിക വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ. ജാതി അടിച്ചമര്‍ത്തലിനെ കേവലമായ ജാതീയമായ, ഒരു സാമൂഹിക പ്രതിഭാസമായിട്ട് മാത്രം കാണാന്‍ കഴിയില്ല. അതായത് വര്‍ഗപരമായ അടിച്ചമര്‍ത്തലും സാമൂഹ്യമായ അടിച്ചമര്‍ത്തലും തമ്മിലുള്ള ബന്ധത്തെ, പാരസ്പര്യത്തെ സംബന്ധിച്ച വളരെ വിശദാംശങ്ങളോടെയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ആ ചര്‍ച്ചകളില്‍ അംബേദ്ക്കറും മാര്‍ക്‌സിസ്റ്റുകളും യോജിച്ചിട്ടുള്ള നിലപാടാണ് വന്നത്. സാമ്പത്തികമായ അഴിച്ചുപണിയില്ലാതെ സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്ക് മര്‍ദ്ദിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല എന്നതാണ്.

സംവരണം ഇന്ത്യന്‍ ഭരണഘടനയിലേക്ക് കടന്നുവരുന്നത് നമുക്കെല്ലാവര്‍ക്കുമറിയാവുന്നതുപോലെ ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗം അതേപോലെ പിന്നോക്കവിഭാഗം എന്നരീതിയിയില്‍ നമ്മുടെ ഭരണഘടന ലിസ്റ്റ് ചെയ്ത വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണത്തിന് വേണ്ടിയും അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ്.

സ്വാതന്ത്ര്യാനന്തരം നമ്മള്‍ നടപ്പാക്കിയ സംവരണാനുകൂല്യങ്ങള്‍ നമുക്കെല്ലാമറിയാം. സംവരണ വിഭാഗങ്ങള്‍ക്കിപ്പോഴും സാമൂഹ്യമായ അവരുടെ പീഡിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണ വര്‍ഗം തുടര്‍ന്നുവന്ന നയങ്ങള്‍ പലപ്പോഴും സാമ്പത്തികമായി ദരിദ്രാവസ്ഥയില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ അവര്‍ സാമൂഹ്യമായി മുന്നോക്കനിലയിലാണെങ്കിലും കൂടുതല്‍ ദരിദ്രാരാക്കിയിട്ടുണ്ട്. പാപ്പരാക്കിയിട്ടുണ്ട്.

അപ്പോള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍പ്പെട്ട വിഭാഗങ്ങളെ ഉയര്‍ന്ന ജാതിവിഭവങ്ങള്‍ സംവരണമാണവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞുകൊണ്ട് തിരിച്ചുവിടുകയും മണ്ഡല്‍ കമ്മീഷന്‍ സമയത്ത് നമ്മള്‍ കണ്ട ഈ സവര്‍ണ കലാപവും ഒക്കെ ഇതിന്റെ നിതര്‍ശനമായിരുന്നു.

അപ്പോള്‍ സി.പി.ഐ.എം ഇതിലെടുത്തിട്ടുള്ള നിലപാട് സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്കുള്ള സംവരണം അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തികമായ പിന്നോക്കാവസ്ഥയിലേക്ക് തകര്‍ച്ചയിലേക്ക് പാപ്പിരീകരിക്കപ്പെടുന്ന വിഭാഗങ്ങളിലെ ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ വേണമെന്നുള്ളതാണ്.

ഇതൊരു പുതിയ വിഷയമേയല്ല. സി.പി.ഐ.എം ദേവസ്വംബോര്‍ഡിലെ നിയമനമുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളില്‍ ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് വളരെ പ്രഖ്യാപിതമായ ഒരു നിലപാടാണ്. അത് സംവരണത്തിന്റെ സത്തയ്ക്ക്, അടിസ്ഥാന കാഴ്ചപ്പാടിന് വിരുദ്ധമല്ലേയെന്ന ചോദ്യം ദളിത് ബുദ്ധിജീവികളുടെ ഭാഗത്ത് നിന്ന്, ദളിത് സംഘടനകളുടെ ഭാഗത്ത് നിന്ന് അന്നും ഇന്നും ഉയര്‍ന്നുവരുന്നുണ്ട്. തീര്‍ച്ചയായിട്ടും ഈ വിഷയത്തെ സി.പി.ഐ.എമ്മിന്റെ ഒരു വര്‍ഗപരമായ നിലപാടുമായി കൂടി ബന്ധിപ്പിച്ച് കാണണമെന്നാണ് പറയാനുള്ളത്”, അദ്ദേഹം പറഞ്ഞു.

കെ.ടി കുഞ്ഞിക്കണ്ണന്‍

ഇടതുപക്ഷം സാമൂഹികമായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്ന് ശക്തമായ പ്രചരണം നടക്കുന്ന ഒരു കാലമാണ് ഇതെന്നും എന്നാല്‍ സാമൂഹ്യ ഘടനയില്‍ അന്തര്‍ലീനമായ ഏറ്റവും മൗലികമായ പ്രശ്നങ്ങളോട് നയപരമായി ഇടതുപക്ഷം എങ്ങനെ ഇടപെടുന്നു എന്നതാണ് പ്രശ്നമെന്നാണ് റിസര്‍ച്ച് അസിസ്റ്റന്റും കോളമിസ്റ്റുമായ അരവിന്ദ് ഈ വിഷയത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ കൊടുക്കുന്നു, ലൈഫ് പദ്ധതി അനുസരിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നു എന്നെല്ലാം ഇവര്‍ വാദിക്കുന്നുണ്ട്. പക്ഷേ സാമൂഹ്യ ഘടനയില്‍ സത്വപരമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടി ഇവര്‍ നയപരമായി എന്ത് ഇടപെടലുകള്‍ നടത്തുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.

ഇവിടെ ജാതീയമായിട്ടും അല്ലാതെയും അടിച്ചമര്‍ത്തലുകള്‍ ഏല്‍ക്കുന്ന വിഭാഗങ്ങളുണ്ട്. ഈ രാജ്യത്തെ വിഭവങ്ങളിലും ഈ രാജ്യത്തെ അധികാര സ്ഥാപനങ്ങളിലുമുള്ള പങ്കാളിത്തം ഇവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ആലോചിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം വിഭാഗങ്ങളിലുള്ളവരുടെ സാമൂഹ്യ അധികാരം വര്‍ധിക്കുകയുള്ളൂ എന്നത് ഇവിടുത്തെ അംബേദ്ക്കറൈറ്റ്സും ആദിവാസി – ദളിത് – ന്യൂനപക്ഷ മുന്നേറ്റങ്ങളിലുള്ളവരും നിരന്തരം ഉയര്‍ത്തുന്ന വാദമാണ്.

അയ്യങ്കാളി വില്ലുവണ്ടി സമരം തുടങ്ങിയ കാലം മുതല്‍ ഇത്തരം നയപരമായ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു തുടങ്ങിയതാണ്. ഇത് ഇടതുപക്ഷത്തിന് അറിയാത്തതല്ല. ആ വിഷയങ്ങളില്‍ എന്ത് സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്.

പി.എസ്.സി നിയമനം ഇപ്പോഴും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായി വന്നിട്ടില്ല. പട്ടിക വിഭാഗങ്ങളുടെ തന്നെ നിയമനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ പി.എസ്.സിക്ക് നിയമനം വിടണമെന്ന കേസ് വന്നപ്പോള്‍ ഇവിടുത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട് എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്. എന്നാല്‍ അവിടെ പ്രാധിനിത്യം നഷ്ടപ്പെട്ടുപോകുന്ന വിഭാഗങ്ങള്‍ ഉണ്ടെന്ന് മനസിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുമത്സരത്തില്‍ നിന്നും ദളിത് ആദിവാസി വിഭാഗങ്ങളോട് വിവേചനം കാണിച്ചിരിക്കുകയാണ്.

ഹിന്ദുത്വ സാമൂഹിക ഘടനയില്‍ വിവേചനം നേരിടുന്ന വിഭാഗങ്ങള്‍ക്കാണ് പ്രാതിനിധ്യം കൊടുക്കുന്നത്. അപ്പോള്‍ ഇവര്‍ ആര്‍ക്കാണ് പ്രാതിനിധ്യം കൊടുക്കുന്നത് എന്നതാണ് ചോദ്യം. ആദ്യം ഇവര്‍ പ്രാതിനിധ്യം കൊടുക്കുന്നത് സവര്‍ണവിഭാഗങ്ങള്‍ക്ക് 98 ശതമാനം പ്രാതിനിധ്യമുള്ള ദേവസ്വം വകുപ്പിലാണ്. ഇവരുടെ നയം പോകുന്ന പോക്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഇടതുപക്ഷത്തിന്റെ നയം ആരുടെ പ്രാതിനിധ്യത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ദളിത് ആദിവാസികളെ കുറിച്ച് ഇവിടെ ചര്‍ച്ച പോലുമില്ല. സവര്‍ണ സംവരണം പിന്‍വലിച്ചില്ല എങ്കില്‍ അടുത്തകാലത്ത് തന്നെ ദളിത് ആദിവാസി വിഭാഗങ്ങള്‍ സി.പി.ഐ.എമ്മില്‍ നിന്ന് വോട്ട് പിന്‍വലിക്കേണ്ടി വരും. അധികം കാലം കഴിയാതെ തന്നെ വോട്ടിങ് പാറ്റേണില്‍ അടക്കം മാറ്റം വരും’അരവിന്ദ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

അരവിന്ദ്

ജാതി സംവരണത്തിന് എതിരാണെന്ന് പറയുന്ന ഇടത് സര്‍ക്കാര്‍ സാമ്പത്തിക സംവരണ വാദത്തിലൂടെ മുന്നോട്ട് വെക്കുന്നത് ജാതി സംവരണം തന്നെയാണെന്നായിരുന്നു വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകനായ ഒ.പി രവീന്ദ്രന്‍ ഈ വിഷയത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

തങ്ങള്‍ ജാതി സംവരണത്തിന് എതിരാണെന്നും ജാതി സംവരണം എന്നത് ജാതിയെ നിലനിര്‍ത്താന്‍ വേണ്ടി ഉള്ള കാര്യമാണെന്നും പറയുന്ന സി.പി.ഐ.എം സാമ്പത്തികസംവരണ വാദത്തിലൂടെ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് മുന്നോക്കജാതികള്‍ക്ക് 10 ശതമാനം സംവരണം എന്നതാണ്. ഇടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ തന്നെയാണ് അവര്‍ ഇപ്പോഴും ഉള്ളതെന്നും ഒ.പി രവീന്ദ്രന്‍ പറഞ്ഞു.

”മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുമെന്ന് ഇടത് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. 1957 ല്‍ ഇ.എം.എസിന്റെ ആദ്യത്തെ നിയമസഭാ പരിഷ്‌ക്കരണ കമ്മിറ്റിയില്‍ ഇക്കാര്യം വന്നിരുന്നു. അവര്‍ മുന്നോട്ടുവെച്ച ഒരു കാര്യം ഇന്ത്യയില്‍ നിലവിലുള്ള സംവരണ സംവിധാനം എന്ന് പറയുന്നത് ജാതിയെ നിലനിര്‍ത്തുന്നതിനുള്ള ഒരു ഘടകമാണെന്നും അതുകൊണ്ട് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവര്‍ സാമ്പത്തിക സംവരണത്തെയാണ് അനുകൂലിക്കുന്നത് എന്നുമാണ് അന്ന് ഇ.എം.എസ് പറഞ്ഞത്. എന്നാല്‍ ആ വാദം അന്ന് നടപ്പിലായില്ല. അന്നത്തെ പശ്ചിമ ബംഗാളിലൊക്കെയുണ്ടായിരുന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അതിനെ എതിര്‍ത്തു. എങ്കിലും ഇടതുപക്ഷം അതിന്റെ രാഷ്ട്രീയമായ നിലപാടില്‍ നിന്നും മാറിയിരുന്നില്ല.

അവര്‍ സാമ്പത്തിക സംവരണം തന്നെയായിരുന്നു എല്ലാകാലവും മുന്നോട്ടുവെച്ചത്. സമ്പത്തിന്റെ കേന്ദ്രീകരണവും ജാതിയും തമ്മിലുള്ള ബന്ധത്തെ വേര്‍തിരിച്ച് അറിയുന്നതിന് കമ്യൂണിസ്റ്റുകാര്‍ക്ക് ടൂള്‍ ഒന്നും ഇല്ലായിരുന്നു. ഇന്നും അവര്‍ക്ക് ആ വിഷയത്തെ പരിഗണിക്കാനുള്ള സാമ്പത്തിക ശാസ്ത്രത്തിലോ സാമൂഹ്യ ശാസ്ത്രത്തിലോ അധിഷ്ഠിതമായ വഴികളൊന്നുമില്ല.

അതുകൊണ്ടാണ് ഇടതുപക്ഷം ഇന്നും പിന്നോക്ക വിഭാഗങ്ങളും ദളിതരും ആദിവാസികളുമായ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള തുല്യതയ്ക്കുള്ള അവകാശം എന്ന രീതിയില്‍ പ്രാതിനിധ്യത്തെ മുന്നോട്ടുവെച്ചത്. ആ പ്രാതിനിധ്യം ആണ് സംവരണം എന്ന് പറയുന്നത്. അതിനെ ആ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇന്നും സാമ്പത്തിക സംവരണത്തെ അംഗീകരിക്കുന്നത്.

പക്ഷേ ഇവിടെ നടന്നത് വേറെ ഒരു കാര്യമാണ്. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാല്‍ സമ്പത്ത് ഇല്ലാത്ത അല്ലെങ്കില്‍ നിശ്ചിതമായ വരുമാനം ഇല്ലാത്ത മനുഷ്യര്‍ക്കല്ല ഇത് കൊടുക്കുന്നത്. ജാതി കേന്ദ്രീകൃതമായിട്ട് തന്നെയാണ് ഈ സംവരണവും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കമായ മനുഷ്യര്‍ക്കാണ്. ഇതില്‍ മുന്നോക്കം എന്നത് മുന്നോക്കജാതിയാണ്. അപ്പോള്‍ സാമ്പത്തിക സംവരണവാദത്തിലൂടെയും അവര്‍ മുന്നോട്ടു വയ്ക്കുന്നത് ജാതിസംവരണം തന്നെയാണ് എന്നതാണ് വൈരുദ്ധ്യം.

ഇത് കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നത് ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലാണ്. 2018-19 ലാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കസംവരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. ആ സമയത്ത് അന്നത്തെ ഒരു കണക്ക് പത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. അത് പ്രകാരം ഏതാണ്ട് 5000ത്തിലേറെ ഉദ്യോഗസ്ഥരാണ് അന്ന് ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നത്. അതില്‍ 89 ശതമാനം പേരും മുന്നോക്ക സമുദായത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു.

അങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് 10 ശതമാനം സംവരണം വീണ്ടും നടപ്പാക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രാതിനിധ്യ ക്കുറവല്ല ഈ സംവരണം നടപ്പാക്കുന്നതിന് സര്‍ക്കാരിനെ പ്രചോദിപ്പിച്ചത്. മറിച്ച് മുന്നോക്ക സമുദായത്തെ ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ ഇടതുപക്ഷത്തിനോട് അടുപ്പിച്ച് നിര്‍ത്താനുള്ള ഒരു രാഷ്ട്രീയ കളിയാണ് നടന്നിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പി.എസ്.സി നിയമനങ്ങളിലേക്കും 10 ശതമാനം മുന്നോക്ക സംവരണം കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്.

2006 ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് കേരളത്തിലെ ഉദ്യോഗനിലയെ കുറിച്ച് ഒരു പഠനം നടത്തി. പ്രസിദ്ധീകരിച്ച ”കേരളപഠനം” എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പ്രകാരം 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധികപ്രാതിനിധ്യം +40.5 ആണ്. 1.3 ശതമാനം വരുന്ന മറ്റു മുന്നോക്ക ഹിന്ദുവിന്റെ +56.5 ഉംആണ്. എന്നാല്‍ 22.2 ശതമാനം വരുന്ന ഈഴവരുടേത് 0.02 ഉം. 8.2 ശതമാനം വരുന്ന മറ്റ് പിന്നോക്കക്കാരുടെ പ്രാതിനിധ്യക്കുറവ് -41.0 ആണ്. 9.8 ശതമാനം വരുന്ന പട്ടികജാതിക്കാരുടെ പ്രാതിനിധ്യം -26.6 ഉം പട്ടികവര്‍ഗക്കാരുടേത് -49.5 ഉം മുസ്‌ലിം വിഭാഗത്തിന്റേത് -124 ഉം ആണെന്നതാണ് വസ്തുത. അത്രയേറെ പ്രാതിനിധ്യക്കുറവുണ്ട്.

40.5 ഉം 56.5 ഉം അധിക പ്രാതിനിധ്യമുള്ളവര്‍ക്ക് 10 ശതമാനം കൂടി പ്രാതിനിധ്യം നല്‍കുമ്പോള്‍ സ്വാഭാവികമായി സമൂഹത്തിനകത്ത് വലിയ സംഘര്‍ഷങ്ങള്‍ക്ക് അത് കാരണമാകും എന്നതാണ്. ഒരു പ്രത്യേക വിഭാഗം മാത്രം കേരളത്തിലെ ഉന്നത സര്‍ക്കാര്‍ മേഖലകളില്‍, അതായത് നയരൂപീകരണമടക്കമുള്ള മേഖലകളില്‍ ഇവരുടെ പ്രാതിനിധ്യം കൂടുമ്പോള്‍ സ്വാഭാവികമായും സാമൂഹ്യനീതി എന്ന് പറയുന്നത് അതിവിദൂരകാലത്ത് പോലും ഇനി സാധ്യമല്ലാത്ത രീതിയില്‍ വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്ക് കാരണമായി തീരും.

മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പട്ടികജാതി ദളിത് വിഭാഗങ്ങള്‍ സ്ത്രീകള്‍ തുടങ്ങിയവരൊക്കെ കേരളത്തില്‍ പ്രാതിനിധ്യത്തിന്റെ പേരില്‍ സാമൂഹികമായി പല പ്രശ്‌നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങളൊന്നും നിലവില്‍ തന്നെ പരിഹരിക്കപ്പെടുന്നില്ല.

എന്‍.എസ്.എസ് പോലുള്ള സമുദായ സംഘടനയ്ക്ക് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കൊണ്ട് നയം എടുപ്പിക്കാന്‍ മാത്രം ശക്തിയുണ്ട് എന്നതാണ് കാര്യം. സര്‍ക്കാര്‍ അവര്‍ക്ക് മുന്‍പില്‍ കീഴടങ്ങുകയാണ്. സുകുമാരന്‍ നായര്‍ വലിയ പ്രത്യാഘാതം അനുഭവിക്കുമെന്ന് പറയുമ്പോഴേക്കും സര്‍ക്കാര്‍ അത് നടപ്പിലാക്കിക്കൊടുക്കുകയാണ്.

ഒ.പി രവീന്ദ്രന്‍

പട്ടികജാതി ക്ഷേമസമിതി എന്ന ഒരു സംഘടനയുണ്ടിവിടെ. സി.പി.ഐ.എമ്മിന്റെ ഭാഗമായ പട്ടികജാതിക്കാരുടെ പ്രത്യേക സംഘടനയാണിത്. ഇവര്‍ കഴിഞ്ഞ ഫെബ്രുവരി മാസം ഒരു സമരം നടത്തിയിരുന്നു. 48 മണിക്കൂര്‍ ഉപരോധ സമരമായിരുന്നു അത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടായിരുന്നു അത്.

ദേവസ്വം ബോര്‍ഡ് കോളേജുകളിലേയും സ്‌കൂളുകളിലേയും നിയമനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടിട്ട് നാളിതുവരെയായിട്ടും അവരുടെ ആവശ്യം അംഗീകരിച്ചില്ല. പട്ടികജാതിക്കാരെ കൊണ്ട് വീണ്ടും വീണ്ടും സമരം നടത്തിക്കുകയും എന്‍.എസ്.എസ് ഒരു പ്രസ്താവന നടത്തുമ്പോഴേക്ക് മുട്ടിടിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ള നാമജപ ഘോഷയാത്രയുടെ തുടക്കം കുറിച്ചത് എന്‍.എസ്.എസ് നടത്തിയ യോഗത്തിലാണ്. എന്നുവെച്ചാല്‍ കേരളത്തിലെ എന്‍.എസ്.എസിന്റെ കോക്കസില്‍ നിന്നാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള ഏറ്റവും വലിയ സമരത്തിന്റെ ബി.ജെ.പി നയിച്ച, ഹിന്ദുത്വ ശക്തികള്‍ നയിച്ച ഏറ്റവും വലിയ പ്രതിലോമ സമരത്തിന്റെ വീര്യം വന്നത്.

അതുപോലൊരു സമുദായത്തിന് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കാനുള്ള തീരുമാനം വളരെ പ്രതിലോമകരമായി കേരളത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല സാമ്പത്തിക സംവരണം കിട്ടിക്കഴിഞ്ഞാല്‍ നാളെ ഈ എന്‍.എസ്.എസ് ഇടതുപക്ഷ സര്‍ക്കാരിന്റെ കൂടെ നില്‍ക്കുമെന്നോ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്നോ ഉള്ള കാര്യത്തിലും വളരെ സംശയമാണ്. അതും ഇടതുപക്ഷത്തിന്റെ വ്യാമോഹമായി നില്‍ക്കാനേ സാധ്യതയുള്ളൂ”, ഒ.പി രവീന്ദ്രന്‍ പറഞ്ഞു.

മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോടുള്ള വിയോജിപ്പ് താന്‍ നേരത്തെ തന്നെ രേഖപ്പെടുത്തിയതാണെന്നായിരുന്നു സുനില്‍ പി. ഇളയിടം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. ഇത്തരമൊരു തീരുമാനം വന്നപ്പോള്‍ താന്‍ അതില്‍ വിയോജിപ്പ് അറിയിച്ചിരുന്നെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

സുനില്‍ പി ഇളയിടം

”മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് പ്രാതിനിധ്യത്തെ മുന്‍നിര്‍ത്തിയാണ്. ജാതി വിവേചനവും ജാതിമര്‍ദ്ദനവും വഴി, എത്രയോ നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെട്ടവരുടെ പ്രാതിനിധ്യാവകാശം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ അടിസ്ഥാന താത്പര്യം. അല്ലാതെ ദാരിദ്യ നിര്‍മ്മാര്‍ജനമോ തൊഴിലില്ലായ്മക്കുള്ള പരിഹാരമോ ആയി ഭരണഘടന സംവരണത്തെ പരിഗണിച്ചിട്ടില്ല. അങ്ങനെയാക്കാന്‍ ശ്രമിക്കുന്നത് സംവരണത്തെ കുറിച്ചുള്ള ഭരണഘടനാ തത്വത്തിനെതിരാണ്.” എന്നായിരുന്നു സുനില്‍ പി ഇളയിടം അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

പരിഗണിക്കപ്പെടാതെ പോകുന്ന ആദിവാസി വിഭാഗങ്ങള്‍

സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം വളരെ അപകടം പിടിച്ചതാണെന്നും കേരളത്തില്‍ നിലവില്‍ തന്നെ വിദ്യാഭ്യാസ രംഗത്തോ സര്‍വീസ് മേഖലയിലോ മുന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യക്കുറവ് ഇല്ലെന്നും കുറേക്കാലമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന പ്രിവിലേജിനെ കൂടുതല്‍ എക്‌സ്റ്റെന്റ് ചെയ്ത് സാമൂഹ്യമായ വലിയൊരു മേധാവിത്തമുണ്ടാക്കാനായിരിക്കും സാമ്പത്തിക സംവരണം സഹായിക്കുകയെന്നുമായിരുന്നു ഈ വിഷയത്തില്‍ ആദിവാസി അവകാശപ്രവര്‍ത്തകനായ എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നതിനെ തത്വത്തില്‍ തന്നെ എതിര്‍ക്കുന്നവരാണ് കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങളില്‍ ഏറെയും. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ അത്തരത്തിലൊരു സമീപനം വളരെക്കാലം മുന്‍പ് തന്നെ വിദ്യാഭ്യാസ രംഗത്തൊക്കെ സ്വീകരിക്കപ്പെട്ടു വന്നതുകൊണ്ട് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തോ സര്‍വീസ് മേഖലയിലോ പ്രബല ജാതിക്കാര്‍ക്ക് പ്രാതിനിധ്യക്കുറവ് ഇല്ല. ചരിത്രപരമായി തന്നെ അവര്‍ക്ക് സര്‍വീസ് രംഗത്ത് പ്രാതിനിധ്യം ഉണ്ടായിരുന്നു.

മേല്‍ജാതിക്കാര്‍ക്ക് അവരുടെ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍സിന്റെ പേരിലുള്ള സ്ഥാപനങ്ങള്‍ ഉണ്ട്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും പ്രാതിനിധ്യമുണ്ട്.

യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം ഒട്ടുമേയില്ലാത്തത് എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കാണ്. എന്തെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സര്‍വീസ് മേഖലകളില്‍ മാത്രമാണ്. എയ്ഡഡ് പോലുള്ള മേഖലകളില്‍ ഏറെക്കുറെ ഇല്ലെന്ന് തന്നെ പറയാം. ഇതാണ് കേരളത്തിന്റെ ഒരു ചിത്രം.

അതുകൊണ്ട് തന്നെ സാമ്പത്തിക സംവരണം എന്നത് കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം വളരെ അപകടകരമായിരിക്കും. കാരണം സംവരണീയരായിട്ടുള്ളവര്‍ക്ക് കിട്ടുന്ന തസ്തികകള്‍ നിലവില്‍ തന്നെ വളരെ കുറവാണ്. അപ്പോള്‍ മുന്നോക്കക്കാരില്‍ പിന്നേയും ദരിദ്രവിഭാഗമെന്ന നിലയില്‍ കണ്ടെത്തി അവരുടെ കുറേക്കാലമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന പ്രിവിലേജിനെ കൂടുതല്‍ എക്‌സ്റ്റെന്റ് ചെയ്ത് സാമൂഹ്യമായ വലിയൊരു മേധാവിത്തമുണ്ടാക്കാനായിരിക്കും അത് സഹായിക്കുക.

ദേശീയ തലത്തില്‍ സാമ്പത്തിക സംവരണത്തെ തത്വത്തിലും നിയമപരമായും എതിര്‍ക്കുന്ന നിലപാടാണ് എസ്.സി.എസ്.ടി സംഘടനകള്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ഈ വിഷയം സജീവമായി ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നതും ഭരണപരമായി സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി വന്നിരിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന്റേയും ഭരണഘടനാ ഭേദഗതിയുടേയും അടിസ്ഥാനത്തിലാണ്.

ആര്‍ട്ടിക്കിള്‍ 15, 16 ല്‍ ഫണ്ടമെന്റല്‍ റൈറ്റിന്റെ ഭാഗമായിട്ടാണ് ഉള്ളത്. ആര്‍ട്ടിക്കിള്‍ 15,16,( 4 ) എന്ന ഉപവകുപ്പ് സര്‍വീസ് മേഖലയിലുള്ള സര്‍ക്കാര്‍ സേവന മേഖലയിലും വിദ്യാഭ്യാസപരമായ സ്ഥാപനങ്ങളിലുമുള്ള സംവരണം സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ളതാണെന്ന് പറയുന്നുണ്ട്. സാമൂഹികമായ പിന്നോക്കാവസ്ഥ കൊണ്ട് പിന്തള്ളപ്പെട്ടവര്‍, അയിത്തത്തിന് വിധേയമായവര്‍ ഇവരൊക്കെയാണ് ഇപ്പറഞ്ഞ വിഭാഗങ്ങള്‍.

15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് എസ്.സി എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണത്തില്‍ നിന്ന് 10 ശമതാനം എടുത്ത് മുന്നോക്കക്കാര്‍ക്ക് കൊടുക്കുകയായിരുന്നു.

മുന്നോക്കക്കാരിലെ ദരിദ്രര്‍ എന്നതുതന്നെ ജാതീയമായ മറ്റൊരു വിവേചനമാണ്. ദരിദ്രര്‍ എല്ലാ ജാതിയിലുമുണ്ട്. ദരിദ്രര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനം നടത്താനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ അതിന് ഈ വകുപ്പ് ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെയാണ് സാമ്പത്തിക സംവരണം എന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് പറയാന്‍ കാരണം. കേരളത്തില്‍ സാമ്പത്തിക സംവരണ വക്താക്കളായ ഇടതുപക്ഷമുള്‍പ്പെടെ

ദേവസ്വം ബോര്‍ഡ്, എയ്ഡഡ് മേഖലകള്‍ എന്തിനധികം പി.എസ്.സി നിയമനങ്ങള്‍ പോലും ദുര്‍ബലപ്പെടുത്തി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കണ്‍സള്‍ട്ടന്‍സിയുടേയും മറ്റും പേരില്‍. പി.എസ്.സി വഴിയുള്ള സര്‍ക്കാര്‍ അംഗീകൃത നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യം പറയേണ്ടതില്ല.

അപ്പോള്‍ സാമ്പത്തിക സംവരണം എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കണമെന്ന എന്‍.എസ്.എസിന്റെ നിലപാടിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്ക് ശേഷിയുണ്ടാകില്ല. ഫലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഒ.ബി.സി വിഭാഗങ്ങളുടെ അവസരങ്ങള്‍ വന്‍തോതില്‍ എടുത്തുകളയപ്പെടാനാണ് സാധ്യതയുള്ളത്. ഇപ്പോള്‍ ദേശീയ തലത്തില്‍ സംഘപരിവാറിന്റെ നിലപാടില്‍ നിന്നും എന്ത് വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ഉള്ളത് എന്ന് ചോദിക്കുമ്പോള്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നതുകൂടിയാണ് കാണിക്കുന്നത്.” ഗീതാനന്ദന്‍ പറഞ്ഞു.

എം. ഗീതാനന്ദന്‍

ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണ് സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണ് സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്.

നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ 46 ഉം ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആര്‍ട്ടിക്കിള്‍ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകള്‍ ആര്‍ട്ടിക്കിള്‍ പതിനാല് മുന്നോട്ടു വയ്ക്കുന്ന തുല്യതാ സങ്കല്‍പ്പത്തിന് അനുപൂരകമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.

പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്. സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണ് സംവരണം. ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളൂടെയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമസ്ത മേഖലകളിലും ഉറപ്പാക്കുകയെന്നതാണ് ഭരണഘടന വിഭാവനം ചെയ്ത സംവരണത്തിന്റെ അടിസ്ഥാനം.

ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനറല്‍ കാറ്റഗറിയില്‍ വരുന്ന ജാതിവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനത്തില്‍ കൂടാത്ത സംവരണം ലഭ്യമാക്കുക എന്നയായിരുന്നു ഭേദഗതിയിലൂടെ ലക്ഷ്യംവെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more