ഇറ്റാലിയൻ ക്ലബ്ബും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ ക്ലബ്ബുമായ യുവന്റസിനെതിരെ വൻ അച്ചടക്ക നടപടി.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ക്ലബ്ബിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കപ്പെട്ടത്. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനാണ് സാമ്പത്തിക ക്രമക്കേടുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി യുവന്റസിന്റെ 15 പോയിന്റുകൾ വെട്ടിക്കുറച്ചത്.
ഇതോടെ സീരി എ.യിൽ പത്താം സ്ഥാനത്തേക്ക് ക്ലബ്ബ് തരം താഴ്ത്തപ്പെട്ടു. താരങ്ങളുടെ സാലറിയുമായി ബന്ധപ്പെട്ടും ട്രാൻസ്ഫർ സംബന്ധമായ തുകകൾ സംബന്ധിച്ചും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് തുടർച്ചയായി ക്ലബ്ബ് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർക്ക് നൽകികൊണ്ടിരുന്നത് എന്ന് തെളിഞ്ഞതോടെയാണ് ക്ലബ്ബിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കപ്പെട്ടത്.
കൂടാതെ ക്ലബ്ബിന്റെ ബോർഡ് മെമ്പേഴ്സിനെതിരെയും വിലക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ കടന്നിട്ടുണ്ട് എന്നാണ് ബി.ബി.സിയടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും യുവന്റസ് ക്ലബ്ബ് മാനേജ്മെന്റ് അപ്പീൽ പോകുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിക്ക് മുന്നിലാണ് യുവന്റസിന് അപ്പീൽ നൽകാൻ സാധിക്കുക.
എന്നാൽ കമ്മിറ്റി ക്ലബ്ബിനെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചാലും യുവന്റസിന് നേരിടേണ്ടി വന്ന തരം താഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾക്ക് മാറ്റമുണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സീസണിൽ തുടർച്ചയായി മോശം പ്രകടനം നടത്തിവന്ന ക്ലബ്ബിന് കനത്ത തിരിച്ചടിയാണ് പത്താം സ്ഥാനത്തേക്കുള്ള തരം താഴ്ത്തൽ. ചാമ്പ്യൻസ് ലീഗിലും സമീപകാലത്തെ ക്ലബ്ബിന്റെ പ്രകടനം വളരെ മോശമായിരുന്നു.
ഇസ്രായേലി ക്ലബ്ബ് മക്കാബി ഹൈഫയോടടക്കം യുവന്റസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
2019-2020 സീസണിലാണ് ക്ലബ്ബിന് ലീഗ് ടൈറ്റിൽ അവസാനമായി സ്വന്തമാക്കാൻ സാധിച്ചത്.