നമ്മള്‍ മിഡ്‌ടേം ഇലക്ഷന്റെ അവസാന ആഴ്ച്ചയില്‍ എത്തി നില്‍ക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചുമൊക്കെ കടുത്ത ആശങ്കകളാണ് വോട്ടര്‍മാര്‍ പങ്കുവെയ്ക്കുന്നത്, അവരങ്ങനെ ചിന്തിക്കുന്നത് തീര്‍ത്തും ശരിയാണ് താനും.
ഇന്ന് ശതകോടീശ്വരന്‍മാര്‍ കൂടുതല്‍ സമ്പന്നരാവുമ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍ വീണ്ടും പിറകിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. അറുപത് ശതമാനം അമേരിക്കക്കാര്‍ വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വരുമാനത്തിലുള്ള അസമത്വവും സാമ്പത്തിക അസമത്വവും പെരുകുകയാണ്.
അതേസമയം ഏറ്റവും താഴെത്തട്ടിലുള്ള പകുതിയോളം വരുന്ന അമേരിക്കന്‍ ജനതയുടെ മൊത്തം ആസ്തിയേക്കാള്‍ സ്വത്ത് മൂന്ന് മഹാ കോടീശ്വരന്‍മാരുടെ കൈവശമുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ തൊഴില്‍ ദാതാക്കള്‍ ആരോഗ്യ പരിരക്ഷക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ജോലിക്കാരെയും അവരുടെ യൂണിയനുകളെയും പിഴിയുമ്പോള്‍ തന്നെ പ്രമുഖ കോര്‍പറേഷനുകളുടെ സി.ഇ.ഒമാര്‍ക്ക് കിട്ടുന്നത് അവരുടെ ശരാശരി തൊഴിലാളികള്‍ക്ക് കിട്ടുന്നതിനേക്കാള്‍ നാനൂറു മടങ്ങിലധികമാണ്. ഇത് നമ്മുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുതലാളി – തൊഴിലാളി അന്തരമാണ്.
ഈ പ്രചാരണ വേളയില്‍ എന്റെ റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകര്‍ പണപ്പെരുപ്പത്തെക്കുറിച്ച് ഒരുപാട് വാചാലരാകുന്നു, അതിലവരെ കുറ്റപ്പെടുത്താനാവില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ജനത ഭക്ഷണം, പാചകവാതകം, ആരോഗ്യ പരിരക്ഷ, മരുന്നുകള്‍, വീട് മറ്റു അവശ്യ വസ്തുക്കള്‍ എന്നിവയ്ക്ക് അന്യായമാം വിധം ഭീകര വില നല്‍കി മടുത്തിരിക്കുകയാണ്.
നിര്‍ഭാഗ്യവശാല്‍, റിപ്പബ്ലിക്കുകളില്‍ ഏറിയ കൂറും പണപ്പെരുപ്പത്തിനാധാരമായ കാരണങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നു. അതിലുപരിയായി അവര്‍ വാഗ്ദാനം ചെയ്യുന്ന പരിമിതമായ ‘പ്രതിവിധികള്‍’ ആണെങ്കില്‍ ഈ മോശം സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനുതകുന്നതുമാണ്.
ഒരു കാര്യം വ്യക്തമായി പറയാം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡനെയും ഡെമോക്രാറ്റുകളെയും പണപ്പെരുപ്പ വിഷയത്തില്‍ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷെ അതൊരിക്കലും വസ്തുതാപരമായി ശരിയല്ല.
വ്യക്തമാക്കാം, പണപ്പെരുപ്പം എന്നത് അമേരിക്കയില്‍ മാത്രമായിട്ടുള്ള ഒരു പ്രതിഭാസമല്ല. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ഒരു പ്രതിസന്ധിയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇത് 11% നോടടുത്താണ്. ജര്‍മ്മനിയില്‍ 11.6%, യു.കെയില്‍ 10.1%, അയര്‍ലാന്റില്‍ 9.6%. എന്നാല്‍ അമേരിക്കയില്‍ ഇത് വെറും 8.2% മാത്രമാണ്. ഇത് വളരെ കൂടുതലാണെങ്കിലും യൂറോപ്പിലുടനീളമുള്ളതിനേക്കാള്‍ കുറവാണ്.
വാസ്തവത്തില്‍ പണപ്പെരുപ്പം ഒരു പരിധിവരെ, നിലവിലെ ആഗോള മഹാമാരിയുടെ പാശ്ചാത്തലം, അന്താരാഷ്ട്ര വിതരണ ശൃംഖലയിലെ തകര്‍ച്ച, ഉക്രെയ്നിലെ ഭയാനകമായ യുദ്ധം എന്നിവ മൂലമാണ്. എന്നാല്‍ ഇതിന്റെ മറ്റൊരു മൂല കാരണത്തെ ക്കുറിച്ച് സംസാരിക്കുന്നവര്‍ വളരെ വിരളമാണ്. അത് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ തലത്തിലെത്തിയ കോര്‍പ്പറേറ്റ് ആര്‍ത്തിയാണ്.
ഒരു സമീപകാല പഠനമനുസരിച്ച് പണപ്പെരുപ്പത്തിന്റെ ഏതാണ്ട് 54% വര്‍ദ്ധനക്ക് നേരിട്ട് കാരണമായത് കോര്‍പ്പറേറ്റ് ലാഭ വിഹിതത്തിലെ ഭീമമായ വര്‍ദ്ധനവാണ്.
ഇന്ന് അമേരിക്കയില്‍ തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ തീന്‍മേശയില്‍ ഭക്ഷണമെത്തിക്കുവാനും, ടാങ്കുകളില്‍ പാചക വാതകം നിറക്കുവാനും, വീടുകള്‍ ചൂടുപിടിപ്പിക്കുവാനും പാടുപെടുമ്പോള്‍ കോര്‍പ്പറേറ്റ് ലാഭം എഴുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു ഗ്യാലന്‍ ഗ്യാസിന് $4, $5, $6 നല്‍കുന്നത് എന്നറിയണമെങ്കില്‍, ExxonMobil, Chevron, BP, Shell എന്നിവയുടെ ലാഭം ഈ വര്‍ഷം ഇതുവരെ 169% വര്‍ദ്ധിച്ച് 125 ബില്യണ്‍ ഡോളറായി എന്നറിയണം. ഈ നാല് വമ്പന്‍ എണ്ണക്കമ്പനികള്‍ 73 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നത് പമ്പിലെ ഗ്യാസ് വില കുറയ്ക്കാനല്ല, മറിച്ച് അവരുടെ സ്വന്തം സ്റ്റോക്ക് തിരികെ വാങ്ങാനും അവരുടെ സമ്പന്നരായ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ്.
എന്തുകൊണ്ടാണ് ഈ വര്‍ഷം ഒരു എയര്‍ലൈന്‍ ടിക്കറ്റിന് 43% കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍, ഈ മൂന്നാം പാദത്തിലെ ‘അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ’ ലാഭ വിഹിതം 186%വും ‘യുണൈറ്റഡ് എയര്‍ലൈന്‍സിന്റെത്’ 99% വും ആയി വര്‍ദ്ധിച്ച് ഏകദേശം $1.5 ബില്യണ്‍ ആയി ഉയര്‍ന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതെ, 6,400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചപ്പോഴും മഹാമാരിക്കാലത്ത് 20 ബില്യണ്‍ ഡോളറിലധികം നികുതിദായകരുടെ സഹായം ലഭിച്ച അതേ കമ്പനികളാണിത്.
ആഗോള ഭക്ഷ്യവില കഴിഞ്ഞ വര്‍ഷം 33% ല്‍ അധികം വര്‍ദ്ധിച്ചതും ഈ വര്‍ഷം വീണ്ടും 23% ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതും എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ ആഗോള ഭക്ഷ്യ-കാര്‍ഷിക ബിസിനസ്സ് വ്യവസായത്തിലെ ശതകോടീശ്വരന്മാര്‍ മഹാമാരിക്കാലത്ത് 382 ബില്യണ്‍ ഡോളര്‍ അധികരിപ്പിച്ച് കൂടുതല്‍ സമ്പന്നരായിത്തീര്‍ന്നുവെന്ന് നിങ്ങള്‍ അറിയണം.
എന്തിനാണ് ഞങ്ങള്‍ മരുന്നുകള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, ഈ വര്‍ഷം ഇതുവരെ ‘ഫൈസര്‍’ അതിന്റെ ലാഭം 42% വര്‍ധിപ്പിച്ച് 26.4 ബില്യണ്‍ ഡോളറായി ഉയര്‍ത്തി എന്ന് നിങ്ങളറിയണം.
പണപ്പെരുപ്പം ഒരു അന്താരാഷ്ട്ര പ്രശ്നമാണെങ്കിലും, എന്റെ റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകര്‍ വില വര്‍ദ്ധനവിന് ഡെമേക്രാറ്റുകളുടെ ചെലവിനെയാണ് പഴിചാരുന്നത്. പ്രത്യേകിച്ച് 2021 മാര്‍ച്ചില്‍ പാസാക്കിയ $1.9 ട്രില്ല്യണ്‍ വരുന്ന അമേരിക്കന്‍ റസ്‌ക്യൂ പ്ലാനുകള്‍ക്കായി ചെലവഴിച്ച തുകയെയാണ്.
എന്നാല്‍ ആ വാദം അംഗീകരിക്കുന്നതിന് മുമ്പ്, അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകവും വേദനാജനകവുമായ ആ നിമിഷത്തെ ക്കുറിച്ചും അപ്പോഴത്തെ നമ്മുടെ അവസ്ഥയെക്കുറിച്ചുമൊക്കെ ഒന്നോര്‍ത്ത് നോക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ രീതിയില്‍ രാജ്യത്തുടനീളം മഹാമാരി താണ്ഡവമാടിയപ്പോള്‍, ഓരോ ദിവസവും 3,000ത്തിലധികം വരുന്ന അമേരിക്കക്കാര്‍ COVID-19 വന്ന് മരിച്ചു കൊണ്ടിരിക്കുകയും, ദശലക്ഷങ്ങള്‍ രോഗ ബാധിതരാവുകയും ചെയ്തു. ഇവരില്‍ പലരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് അപര്യാപ്തവുമായിരുന്നു.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മതിയായ അളവില്‍ സ്വയം സംരക്ഷണ ഉപകരണങ്ങള്‍ ലഭിച്ചില്ല. എന്നു മാത്രമല്ല പല ആശുപത്രികളും COVID – 19 രോഗികളാല്‍ നിറഞ്ഞ് കവിഞ്ഞ് തകര്‍ച്ചയുടെ വക്കിലുമായിരുന്നു.
കൂടാതെ, മഹാമാരിയുടെ ഫലമായി, 2021 ന്റെ തുടക്കത്തില്‍ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം ഈ രാജ്യം അനുഭവിക്കുകയായിരുന്നു. ഇരുപത്തിനാല് ദശലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലാത്തവരോ ജോലി തേടുന്നതിന് വേണ്ടി തൊഴിലുപേക്ഷിച്ചവരോ ആയിരുന്നു.
അമേരിക്കയില്‍ പട്ടിണി ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നവരായിരുന്നു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ പാപ്പരാകുന്ന അവസ്ഥയിലായിരുന്നു.
ഒരു റിപ്പബ്ലിക്കന്‍ വോട്ട് പോലും കൂടാതെ സെനറ്റില്‍ ഈ ബില്‍ പാസ്സാക്കാന്‍ സഹായിച്ചതിന് ബജറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്കൊരു കുറ്റബോധവുമില്ല.
മഹാമാരി മൂലമുണ്ടായ അഭൂതപൂര്‍വമായ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, അമേരിക്കന്‍ റെസ്‌ക്യൂ പ്ലാന്‍, ഒരു പരിഷ്‌കൃത സമൂഹത്തിലെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. അതായത് ഭയത്തിലും നിരാശയിലും ജീവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അത്.
എല്ലാ തൊഴിലാളിവര്‍ഗ അമേരിക്കക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 1,400 ഡോളര്‍ നേരിട്ട് നല്‍കിയതില്‍ ഞാന്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല. ഞങ്ങള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനും ജോലി നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ അധികമായി നല്‍കിയതിനും ഞാന്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല.
ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് പ്രതിമാസം $300 നല്‍കുന്ന ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് ഞങ്ങള്‍ വിപുലീകരിച്ചതില്‍ ഞാന്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല, അതുവഴി മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതത്വത്തോടെ വളര്‍ത്താന്‍ കഴിയും.
മഹാമാരി സമയത്ത് ആശുപത്രി വാതിലുകള്‍ രോഗികള്‍ക്ക് മുന്നില്‍ അടക്കപ്പെടുന്നത് ഞങ്ങള്‍ തടഞ്ഞു. വിശക്കുന്നര്‍ക്ക് ഭക്ഷണം നല്‍കി, കുടിയൊഴിപ്പിക്കലും ജപ്തി നടപടികളും തടഞ്ഞു. ഓരോ അമേരിക്കക്കാരനും സൗജന്യമായി COVID-19 വാക്‌സിന്‍ ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തി. ഇതിന്റെ പേരില്‍ ഞാനാരോടും ക്ഷമ ചോദിക്കുന്നില്ല.
സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കഷ്ടപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സഹായകമായിത്തീര്‍ന്ന 1.9 ട്രില്യണ്‍ ഡോളര്‍ അമേരിക്കന്‍ റെസ്‌ക്യൂ പ്ലാനിനെതിരെ റിപ്പബ്ലിക്കുകള്‍ വിമര്‍ശനം ഉന്നയിക്കുന്നത് തുടരുമ്പോള്‍, ‘ഹൗസിന്റെയും സെനറ്റിന്റെയും നിയന്ത്രണം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യുമെന്ന വാഗ്ദാനമാണ് അവര്‍ നല്‍കുന്നത്’ എന്നത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്. അതിന്റെ ഉത്തരം ഇതാ ഇവിടെത്തന്നെയുണ്ട്.
സെനറ്റ് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ മുതല്‍ താഴെവരെയുള്ള മിക്കവാറും എല്ലാവരും തന്നെ, എസ്റ്റേറ്റ് നികുതി പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ട് ശതകോടീശ്വരന്മാര്‍ക്ക് 1.75 ട്രില്യണ്‍ ഡോളര്‍ വരെ നികുതിയിളവ് നല്‍കാന്‍ ആഗ്രഹിക്കുന്നു.
എസ്റ്റേറ്റ് നികുതി സമ്പന്നരിലെ അതിസമ്പന്നര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമാണ്. 25 മില്യണ്‍ ഡോളറിലധികം ആസ്തി പാരമ്പര്യ സ്വത്തായി ലഭിക്കുന്ന 0.1 ശതമാനം വരുന്ന ഏറ്റവും മേലേ തട്ടിലുള്ള അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, 99.9% അമേരിക്കക്കാര്‍ക്കും എസ്റ്റേറ്റ് ടാക്‌സ് എടുത്ത് കളയുന്നത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയില്ല.
എസ്റ്റേറ്റ് നികുതി റദ്ദാക്കുന്നത് കൊണ്ട് ഇലോണ്‍ മസ്‌കിന്റെ കുടുംബത്തിന് മാത്രം 80 ബില്യണ്‍ ഡോളര്‍ വരെ നികുതിയിളവ് ലഭിക്കും. മസ്‌കിന്റെ കുട്ടികള്‍ ആരാണെന്ന് എനിക്കറിയില്ല. അവരോടെനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. അവര്‍ക്ക് ഞാന്‍ നന്മ നേരുകയും ചെയ്യുന്നു. എന്നാല്‍ 80 ബില്യണ്‍ ഡോളറിന്റെ നികുതിയിളവ് അവരര്‍ഹിക്കുന്നില്ല.
ശതകോടീശ്വരന്മാര്‍ക്ക് ഈ $1.75 ട്രില്യണ്‍ നികുതിയിളവ് റിപ്പബ്ലിക്കുകള്‍ എങ്ങനെ നല്‍കും? സോഷ്യന്‍ സെക്യൂരിറ്റി (സാമൂഹിക സുരക്ഷ ) മെഡികെയര്‍, മെഡിക് എയ്ഡ് (ആരോഗ്യ സഹായ പദ്ധതി) എന്നിവ വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ട് അവര്‍ അതിന് പണം കണ്ടെത്തും. ഈ വര്‍ഷം, ഹൗസിലെ 158 അംഗങ്ങളടങ്ങിയ റിപ്പബ്ലിക്കന്‍ സ്റ്റഡി കമ്മിറ്റി മെഡികെയറില്‍ 2.8 ട്രില്യണ്‍ ഡോളറും സാമൂഹിക സുരക്ഷയില്‍ 729 ബില്യണ്‍ ഡോളറും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ സെക്യൂരിറ്റിയിലും മെഡികെയറിലും വെട്ടിക്കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍, നമ്മുടെ രാജ്യത്തിന്റെ കടം വീട്ടാന്‍ കഴിയില്ല എന്ന് പോലും ഭീഷണിപ്പെടുത്തുന്ന റിപ്പബ്ലിക്കന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എത്രമാത്രം അസംബന്ധമാണത്?
വേണ്ട, ശതകോടീശ്വരന്മാര്‍ക്ക് നികുതിയിളവ് നല്‍കിയും പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും നിങ്ങള്‍ പണപ്പെരുപ്പം കുറക്കേണ്ടതില്ല.
കോര്‍പ്പറേറ്റ് ആര്‍ത്തിക്കെതിരെ നടപടി സ്വീകരിച്ചും വിന്റ്ഫാള്‍ ലാഭനികുതി (കമ്പനികളുടെ അമിത ലാഭത്തിന് ഈടാക്കുന്ന നികുതി) പാസാക്കിയുമാണ് നിങ്ങള്‍ പണപ്പെരുപ്പത്തിനെതിരെ പോരാടേണ്ടത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍, മരുന്ന് കമ്പനികള്‍, ഫോസില്‍ ഇന്ധന വ്യവസായം, വമ്പന്‍ ഭക്ഷ്യ വ്യവസായ കമ്പനികള്‍ എന്നിവയുടെ അധികാരത്തില്‍ കൈ വെച്ചു കൊണ്ടായിരിക്കണം നിങ്ങള്‍ പണപ്പെരുപ്പത്തെ നേരിടേണ്ടത്. ആരോഗ്യ സംരക്ഷണം, മരുന്നുകള്‍, പാചകവാതകം (ഗ്യാസ്), പലചരക്ക് സാധനങ്ങള്‍ എന്നിവക്കുണ്ടായിട്ടുള്ള അസാധാരണമായ വിലക്കയറ്റത്തെ നിയന്ത്രിച്ചും നിങ്ങള്‍ പണപ്പെരുപ്പത്തെ ചെറുക്കുക.
അമേരിക്കന്‍ കോണ്‍ഗ്രസ്രിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്വതന്ത്രനായി പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍, ഡെമോക്രാറ്റുകള്‍ എല്ലാം തികഞ്ഞവരാണൈന്നൊന്നും ഞാനവകാശപ്പെടുന്നില്ല. യാഥാര്‍ത്ഥ്യം അതില്‍ നിന്നും വളരെ അകലെയാണെന്നത് അംഗീകരിക്കുന്നു. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ 50-50 ആയി തുല്യമായി വിഭജിക്കപ്പെട്ട ഒരു സെനറ്റില്‍, തൊഴിലാളിവര്‍ഗ കുടുംബങ്ങളുടെ ആവശ്യങ്ങളേക്കാള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് തങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്ന് വ്യക്തമാക്കിയ രണ്ട് ഡെമോക്രാറ്റുകളെങ്കിലും ഉണ്ട്. ഈയൊരവസ്ഥ മാറേണ്ടതുണ്ട്.
ഇപ്പോള്‍, ആധുനിക ചരിത്രത്തില്‍ എക്കാലത്തേക്കാളും ധൈര്യമുള്ള ഒരു കോണ്‍ഗ്രസിനെ നമുക്ക് ആവശ്യമാണ്. കാമ്പയിന്‍ സമയത്ത് വന്‍ തോതില്‍ പണമൊഴുക്കുന്ന അതി സമ്പന്നരേയും സൂപ്പര്‍-പിഎസികളെയും ലോബിയിസ്റ്റുകളെയും നേരിടാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള ധൈര്യമുണ്ടായിരിക്കണം.
അവര്‍ക്ക് ശതകോടീശ്വരന്മാരുടെയും കോര്‍പ്പറേറ്റുകളുടെയും സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആളുകളുണ്ട്. സഭയിലും സെനറ്റിലും തങ്ങളുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ ചെയ്യേണ്ടത് ഈയൊരൊറ്റ കാര്യമാണ്.
Source: Our economic crisis isn’t inflation, it’s corporate greed and the GOP will only make that worse
മൊഴിമാറ്റം: ഷാദിയ നാസിര്‍