| Tuesday, 19th November 2019, 11:07 am

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്.ടി കുടിശിക കിട്ടാത്തതാണ് കാരണമെന്ന് ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ജി.എസ്.ടി കുടിശികയായ 1600 കോടി രൂപ കിട്ടാത്തതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ്. എന്നാല്‍ ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ല. സംസ്ഥാനത്ത് എല്ലാ മാസവും ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണത്തിന്റെ സാഹചര്യമുണ്ടാവാറില്ല. പക്ഷെ ഈ മാസം ശമ്പള വിതരണത്തിന് ശേഷവും സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ഇതിന് കാരണം കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ജി.എസ്.ടി കുടിശികയായ 1600 കോടി രൂപ കിട്ടാത്തതാണ്. ഇത് കിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഏറെകുറേ പരിഹാരമാവും.’ തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയും ട്രഷറി നിയന്ത്രണം മൂലമുള്ള വികസന പദ്ധതികളുടെ സ്തംബനവും ചൂണ്ടികാട്ടി പ്രതിപക്ഷ എം.എല്‍.എ വി.ഡി. സതീഷന്‍ എം.എല്‍.എയാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയാണെന്നും വിഭവ സമാഹരണത്തിലെ നിയന്തണമില്ലാത്ത ധൂര്‍ത്തുമാണെന്ന് എം.എല്‍.എ ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more