രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍; വസ്ത്ര വ്യാപാരം അടച്ചുപൂട്ടലിന്റെ വക്കില്‍; 'പ്രതിസന്ധിക്ക് ആക്കം കൂട്ടി തൊഴിലില്ലായ്മ'
Economic Crisis
രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍; വസ്ത്ര വ്യാപാരം അടച്ചുപൂട്ടലിന്റെ വക്കില്‍; 'പ്രതിസന്ധിക്ക് ആക്കം കൂട്ടി തൊഴിലില്ലായ്മ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 10:41 am

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ മേഖലകള്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഞെരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചെറുകിട വ്യവസായങ്ങളും വന്‍കിട നിര്‍മ്മാണ മേഖലയുമെല്ലാം പ്രതിസന്ധിയിലാണ്. ഇതിന് പിന്നാലെ രാജ്യത്തെ തുണി വ്യവസായവും സാമ്പത്തിക മാന്ദ്യത്തിലാഴ്ന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഗുരുഗ്രാമും ദല്‍ഹിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിപണി നേരിട്ടുകൊണ്ടിരിക്കുന്ന മാന്ദ്യം കാരണം ഉല്‍പാദനം കുറയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുകയാണെന്ന് വസ്ത്ര വ്യാപാര ശൃംഖലയായ വി ബസറിന്റെ മാനേജിങ് ഡയറക്ടര്‍ ഹേമന്ദ് അഗര്‍വാള്‍ പറഞ്ഞു. പണം ചെലവഴിക്കുന്ന മനോഭാവത്തില്‍നിന്നും ഉപഭോക്താക്കള്‍ പിന്നോട്ട് പോയിരിക്കുകയാണെന്നും അതുകൊണ്ട് 2020ല്‍ ആരംഭിക്കണമെന്ന് പദ്ധതിയിട്ടിരുന്ന പല ആലോചനകളില്‍നിന്നും കമ്പനി പിന്തിരിയുകയാണെന്നും നമ്പര്‍ വണ്‍ ഇന്ത്യാ ഫാമിലി മാര്‍ട്ടിന്റെ സി.ഇ.ഒ ജെ.പി ശുക്ലയും സ്‌ക്രോള്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാരണം സാധാരണക്കാരുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ചെലവ് വളരെയധികം ചുരുക്കിയാണ് കുടുംബങ്ങള്‍ മാസ ബജറ്റ് തയ്യാറാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ ചെലവ് വെട്ടിച്ചുരുക്കിയത് കൂടാതെ, നിക്ഷേപം കുറഞ്ഞതും വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് വ്യവസായികള്‍ വ്യക്തമാക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തികാവസ്ഥ ഐ.സി.യുവിലാണെന്നും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്‍.ഡി ടി.വിയുടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജി.ഡി.പി വളര്‍ച്ചയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടായി എന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ എത്രയോ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇന്ത്യയുടെ കരകയറല്‍ അതീവ ഗുരുതരാവസ്ഥയിലെന്ന സൂചന നല്‍കി അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്കും രംഗത്തെത്തിയിരുന്നു. ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനത്തിലെങ്കിലും എത്തിക്കാന്‍ ഇന്ത്യ കഷ്ടപ്പെടുമെന്നും കഴിഞ്ഞ പാദങ്ങളിലെ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ