ന്യൂദല്‍ഹി: മധ്യപ്രദേശില്‍ വള വില്‍പനക്കാരനായ മുസ്‌ലിം യുവാവിനെ ആക്രമിച്ചത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാംപെയ്‌നിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം മുസ്‌ലിം മതവിശ്വാസികള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളും കടകളും ഉപരോധിക്കാനും അവരെ സാമ്പത്തികമായി പ്രതിസന്ധയിലാക്കാനും ആസൂത്രിതമായ പ്രചരണം നടക്കുന്നുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ല്‍ ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തണമെന്നും അവരുടെ കടയില്‍ നിന്നും ഒരു സാധനവും വാങ്ങരുതെന്നും പ്രസംഗിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഇക്കാര്യം എന്നും നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അത് ഹിന്ദുക്കള്‍ നടത്തുന്ന കടയില്‍ നിന്ന് വാങ്ങിക്കണം. ഈ ചതിയന്‍മാരുടെ (മുസ്‌ലിങ്ങള്‍) അടുത്തേക്ക് പോകരുത്. 100 കോടി ഹിന്ദുക്കള്‍ ഇത് പിന്തുടര്‍ന്നാല്‍ ബാക്കിയുള്ള 25 കോടി പേര്‍ ഹിന്ദുമതത്തിലേക്ക് വന്ന് കൊള്ളും,’ എന്നായിരുന്നു രാജാ സിംഗ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
മധ്യപ്രദേശില്‍ വള വില്‍പനക്കാരനായ തസ്‌ലിം എന്നയാളെയാണ് ആഗസ്റ്റ് 23 ന് ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നത്. ആക്രമണത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രാജാ സിംഗിന്റെ വീഡിയോ വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. രാജ്യദ്രോഹികളും ഹിന്ദുവിരുദ്ധരുമായവരെ പൂര്‍ണ്ണമായും സാമ്പത്തികമായി ഉപരോധിക്കുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ക്ക് മാത്രം കച്ചവടം ചെയ്യൂ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇത്തരം പ്രചരണം നടക്കുന്നുണ്ട്. 6000 ഫോളോവേഴ്‌സാണ് ഈ പേജിനുള്ളത്.
ഹിന്ദു ആര്‍മിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സുശീല്‍ തിവാരി എന്നയാള്‍ എങ്ങനെ മുസ്‌ലിങ്ങളെ സാമ്പത്തികമായി ഉപരോധിക്കാം എന്നതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിഭാഷകന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരെ സമീപിക്കേണ്ടി വന്നാല്‍ അവര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇയാള്‍ പറയുന്നു. മുസ്‌ലിങ്ങള്‍ നടത്തുന്ന സ്‌റ്റേഷനറി, പാല്‍, ചായക്കട, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നാണ് ഇയാളുടെ നിര്‍ദേശം.
ഇങ്ങനെ ചെയ്താല്‍ ഒരു മാസം കൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നാണ് ഇയാള്‍ പറയുന്നത്.
ആഗസ്റ്റ് 8 ന് ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളിലും മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനമുണ്ടായിരുന്നു. ഉത്തം ഉപാധ്യായ് എന്നയാളായിരുന്നു ഇതിന് പിന്നില്‍.
സംഭവം വിവാദമായതോടെ ന്യൂസ് ലോണ്‍ട്രിയ്ക്ക് നല്‍കിയ അഭിമുഖത്തിലും മുസ്‌ലിങ്ങളെ സാമ്പത്തികമായി ഇല്ലാതാക്കണമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
ആത്മീയ നേതാവായ സ്വാമി ആനന്ദ് സ്വരൂപും സമാന പ്രസ്താവനകള്‍ പല തവണയായി നടത്തിയിട്ടുണ്ട്.
‘മുസ്‌ലിങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും നശിപ്പിക്കണം. അതുവഴി അവര്‍ ഇസ്‌ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരും,’ എന്നായിരുന്നു ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ആനന്ദ് സ്വരൂപ് പറഞ്ഞത്.
രാജ്യത്ത് ഒന്നാം കൊവിഡ് വ്യാപനസമയത്ത് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ പേരിലും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷപ്രചരണമുണ്ടായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Economic Boycott of Muslims: Hindutva Groups Run an Organised Online Campaign