ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പിടിപ്പുകേടില്‍ മനംമടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ രാജിവെച്ചതെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ അതൃപ്തരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു.
“അരവിന്ദ് സുബ്രമണ്യന്റെ രാജി വാര്‍ത്തയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ അതൃപ്തരാണ്.” സുര്‍ജേവാല പറഞ്ഞു.
മോദി സര്‍ക്കാര്‍ നടത്തുന്നത് വലിയ സാമ്പത്തിക ദുര്‍ഭരണമാണെന്നും ഇതില്‍ മനം മടുത്താണ് നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ രാജിവെച്ചു പോയതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍, നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനാഘരിയ എന്നിവരുടെ രാജിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്ഥിരതയില്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളും ദുര്‍ഭരണവുംകൊണ്ട് സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് മോദി സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് വര്‍ഷത്തെ സേവനത്തിനുശേഷം അരവിന്ദ് സുബ്രമണ്യന്‍ രാജിവെക്കുന്ന വിവരം കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രസ്താവനയുമായി രംഗത്തെത്തിയത്. വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ട് അമേരിക്കയിലുള്ള കുടുംബത്തോടൊപ്പം താമസിക്കേണ്ടതിനാലാണ് അരവിന്ദ് സുബ്രമണ്യന്‍ രാജിവെക്കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും നിരവധി പേര്‍ക്ക് നന്ദിയറിക്കുന്നുവെന്നും അരവിന്ദ് സുബ്രമണ്യന്‍ ട്വിറ്ററില്‍ കുറിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കൊപ്പം ഗവേഷണത്തിനും മറ്റു രചനകള്‍ക്കുമായി സമയം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ജെയ്റ്റ്ലിയുടെ ട്വീറ്റിനു മറുപടിയായി അദ്ദേഹം കുറിച്ചു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.