വയനാടന്‍ ചുരം കയറിയെത്തുന്ന ഓരോ സഞ്ചാരിയും പ്രതീക്ഷിക്കുന്നത് ലോകത്തിലെ തന്നെ അതിസൂക്ഷ്മമായ ഒരു കാലാവസ്ഥയാണ്. എന്നാല്‍ കേരളത്തിന്റെ ചിറാപുഞ്ചിയില്‍ സഞ്ചാരികളെ സ്വീകരിച്ചിരുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള കരിങ്കല്ലുമായി ചീറിപ്പായുന്ന ടിപ്പര്‍ ലോറികളായിരുന്നു. പ്രാചീന സംസ്‌കാര ശേഷിപ്പുകളായ എടക്കല്‍ ഗുഹകള്‍ വരെ തുരന്ന് ക്വാറികളെത്തി. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ വയനാട്ടില്‍ സമീപകാലം വരെ 160 ലധികം ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരിലേക്ക് ലൈസന്‍സ് ഫീസും റോയല്‍റ്റിയുമടച്ച് ഒരു മല പൊട്ടിച്ച് മാറ്റുന്ന ഈ ഖനന പ്രവര്‍ത്തനത്തിലൂടെ പൊതു ഖജനാവിന് എന്ത് ലാഭമുണ്ടായി എന്ന കണക്കെടുത്താല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുക.
വയനാട് ജില്ലയിലെ ക്വാറികള്‍ എല്ലാം കൂടി കഴിഞ്ഞ വര്‍ഷം ഖജനാവിലേക്ക് നല്‍കിയത് മൂന്ന് കോടിയോളം രൂപ മാത്രമാണ്. കേരള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ജില്ലാ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം വയനാട് ജില്ലയില്‍ നിന്ന് 2015 – 16 വര്‍ഷം കരിങ്കല്‍ ക്വാറികളില്‍ നിന്ന് ലഭിച്ച റവന്യൂ വരുമാനം 29131736 രൂപയാണ് . 2013 – 14 ല്‍ ഇത് 9557942 രൂപയും 2014 – 15 ല്‍ ഇത് 11300262 രൂപയും മാത്രമാണ്.
ജില്ലയില്‍ അനുമതിയോടെയും ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന പാറ ക്വാറികളില്‍ നിന്ന് ഇതിന്റെ എത്രയോ മടങ്ങ് വിലയുള്ള പാറയാണ് ഓരോ മാസവും കടത്തിക്കൊണ്ട് പോകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തുച്ഛമായ തുക കൈപ്പറ്റി വയനാടന്‍ കുന്നുകളെ പാറ ഖനനത്തിന് യഥേഷ്ടം വിട്ടു കൊടുത്തതിലൂടെ ഗുരുതരമായ പാരിസ്ഥിതിക ആഘാതം വിലകൊടുത്ത് വാങ്ങുകയാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ആരോപിക്കുന്നു.
“ലോകത്തിലെ തന്നെ സവിശേഷമായ ഒരു സൂക്ഷ്മ കാലാവസ്ഥയെ പാടെ ഇല്ലാതാക്കിക്കൊണ്ടാണ് സ്വകാര്യ മുതലാളിമാര്‍ ഈ കൊള്ളലാഭം കൊയ്യുന്നത്. ഇങ്ങനെ സര്‍ക്കാരിനെയും പൊതുജനത്തെയും നോക്കുകുത്തികളാക്കി, പരിസ്ഥിതി വിഭവങ്ങള്‍ക്ക് തുച്ഛമായ തുക റോയല്‍റ്റിയായി അടച്ച് കൈക്കലാക്കുന്ന ശതകോടികള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വിലക്കെടുക്കുകയും ഖനനം നിര്‍ബാധം തുടരുകയുമാണ് ക്വാറി മാഫിയ.” വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകനും അനധികൃത ഖനനത്തിനെതിരെ നിരന്തരമായ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നയാളുമായ ധര്‍മ്മരാജ് പറയുന്നു.
“ഒരു ദിവസം ശരാശരി അന്‍പത് ലോഡ് കരിങ്കല്ലാണ് ഒരു ക്വാറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. ഒരു ലോഡ് ശരാശരി അഞ്ച് ടണ്‍ ഉണ്ടാകും. ഒരു ടണ്ണിന് 16 രൂപ എന്ന ഔദ്യോഗിക കണക്കനുസരിച്ച് ആയാല്‍ പോലും ഇപ്പോള്‍ കിട്ടുന്നതിന്റെ എത്രയോ ഇരട്ടി തുക റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കണം. എന്നാല്‍ ഓരോ ലോഡും പുറത്തേക്ക് പോകുമ്പോള്‍ ക്വാറി ഉടമയ്ക്കുണ്ടാകുന്ന ലാഭം കൂടി കണക്കാക്കിയാല്‍ മാത്രമേ ഈ രംഗത്തെ ഭീകരമായ കൊള്ളയേയും അഴിമതിയേയും കുറിച്ച് യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളൂ.” ധര്‍മ്മരാജ് പറയുന്നു.
2016 ലെ നിരക്കനുസരിച്ച് 2000 രൂപയാണ് ഒരു ലോഡ് ബോളറിന് ക്വാറിയിലെ വില. ക്വാറിയില്‍ നിന്ന് പുറത്തെത്തിയാലുടന്‍ ഇത് 4000 ആയി ഉയരും. എന്നാല്‍ ഈ വിലക്ക് പോലും സാധാരണക്കാര്‍ക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കില്ല. മിക്ക ക്വാറി ഉടമകള്‍ക്കും സ്വന്തമായി ക്രഷര്‍ യൂണിറ്റ് കൂടി ഉണ്ടാകും. ഭൂരിഭാഗം കരിങ്കല്ലും ക്രഷറുകളിലേക്കാണ് പോകുന്നത്. എം. സാന്‍ഡ് യൂണിറ്റിലെത്തിച്ച് എം.സാന്‍ഡ് ആക്കി മാറ്റുമ്പോള്‍ ഒരു ലോഡിന് 10000 ത്തിനും മുകളിലെത്തും വില. ഇങ്ങനെ കണക്കു കൂട്ടാന്‍ പോലും കഴിയാത്ത വിധം ലാഭമാണ് ചുരുങ്ങിയ കാലം കൊണ്ട് ഓരോ ക്വാറി ഉടമയും ഉണ്ടാക്കുന്നത്.
ക്വാറികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഒന്നും തന്നെ പരിഗണിക്കാതെയാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. വയനാടിന്റെ കാലാവസ്ഥയെ തകിടം മറിക്കുന്നതില്‍ 1980 കള്‍ മുതലുള്ള പാറ ഖനനത്തിന് പ്രഥമ സ്ഥാനമാണുള്ളത്. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന വയനാട് ജില്ലയില്‍ പ്രതിവര്‍ഷം 3000 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ വയനാട് അമ്പലവയലിലുള്ള റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ നല്‍കുന്ന കണക്ക് പ്രകാരം 2000 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ശരാശരി പ്രതിവര്‍ഷ മഴ ലഭ്യത 1776.6 മില്ലിമീറ്റര്‍ മാത്രമാണ്. ലഭിക്കേണ്ടതിലും 1142 മില്ലിമീറ്റര്‍ അഥവാ 40.8% കുറവ്. 2010, 2011, 2012 വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ കണക്ക് യഥാക്രമം 1851.8, 2069.4, 1320.8 മില്ലിമീറ്ററാണ്. ഇതും ലഭിക്കേണ്ടതിനേക്കാള്‍ 42 ശതമാനം കുറവാണ്. സംസ്ഥാനത്തൊട്ടാകെ 2015 ല്‍ ലഭിച്ചതിനേക്കാള്‍ ഭേദപ്പെട്ട മണ്‍സൂണ്‍ മഴ 2016 ല്‍ ലഭിച്ചപ്പോള്‍ വയനാട്ടില്‍ അത് നേര്‍പ്പകുതിയായി കുറഞ്ഞിരിക്കുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കേരള വന ഗവേഷണ കേന്ദ്രത്തിലെ ഡോ.ടി.വി സജീവന്‍, അലക്‌സ് സി.ജെ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കേരളത്തിലെ ക്വാറികളുടെ മാപ്പിംഗ് പഠനത്തില്‍ വയനാട് ജില്ലയില്‍ 162 ക്വാറികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് വയനാട് ജില്ലയിലെ ക്വാറികളില്‍ 94 എണ്ണവും പ്രാഥമിക നീര്‍ത്തടങ്ങളുടെ 100 മീറ്റര്‍ പരിധിയിലും 135 എണ്ണം 200 മീറ്റര്‍ പരിധിയിലുമാണ്. 13 ക്വാറികള്‍ സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിക്കകത്താണ്. 68 ക്വാറികള്‍ റിസര്‍വ് വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിക്കകത്ത് പ്രവര്‍ത്തിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് എക്കോളജി സെന്‍സിറ്റീവ് സോണ്‍ 1 ല്‍ വരുന്ന പ്രദേശങ്ങളില്‍ 156 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം വന്ന കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 28 ക്വാറികള്‍ മാത്രമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഉള്ളതെന്ന് പഠനം നിരീക്ഷിക്കുന്നു.
തീവ്രതയേറിയ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ശക്തമായ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച് പാറ പൊട്ടിച്ച് മാറ്റുമ്പോള്‍ ഉണ്ടാകുന്ന ആഘാതം ഒരു പ്രദേശത്തെ വാട്ടര്‍ ടേബിളിനെ സാരമായി ബാധിക്കുകയും ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക് പോകാനിടയാക്കുകയും ചെയ്യുമെന്നും ഇത്തരം തുടര്‍സ്‌ഫോടനങ്ങള്‍ ഭൂഗര്‍ഭ ജലം സംഭരിച്ച് വെക്കാനുള്ള ശേഷിയെ ഇല്ലാതാക്കുമെന്നും ഈ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട ഖനനം വയനാടിന്റെ ഭൂഗര്‍ഭ ജലശേഖരത്തിലും നിരപ്പിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്നതിനെ കുറച്ചുള്ള ആഴത്തിലുള്ള ഒരു പഠനവും സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതുവരെയും നടത്തിയിട്ടില്ല. വയനാട്ടിലെ മുഖ്യ ജലസ്രോതസ്സായ നദികളെല്ലാം ഉത്ഭവിക്കുന്ന മലനിരകള്‍ ഖനനം മൂലം തകര്‍ന്നതോടെ ഭൂഗര്‍ഭ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നും മുന്‍പ് പരമാവധി 20 അടി കുഴിച്ചാല്‍ വെള്ളം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കുഴല്‍ കിണറുകള്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ ധര്‍മ്മരാജ് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ക്വാറിയിങ് ഉണ്ടാക്കുന്ന ഭയാനകമായ പാരിസ്ഥിതിക ആഘാതങ്ങള്‍ പരിഗണിക്കാതെയാണ് തുച്ഛമായ പണത്തിന് ഈ മലനിരകളെ പാറ മാഫിയക്ക് തീറെഴുതി നല്‍കുന്ന സമീപനം സ്വീകരിക്കുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി പറയുന്നു. വയനാട് കോഴിക്കോട് ജില്ലകളില്‍ ക്വാറി നടത്തുന്നതിന് അനുമതി ലഭിക്കാന്‍ വളരെ എളുപ്പമാണ്. കോഴിക്കോട് മുക്കം കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഞ്ച് ലക്ഷം രൂപയുമായി ചെന്നു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ക്വാറി തുടങ്ങുന്നതിനാവശ്യമായ 9 സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അനുമതി ഒറ്റ ഓഫീസില്‍ നിന്ന് കിട്ടും. ഈ അനുമതികളുമായി നേരെ പഞ്ചായത്ത് ഓഫീസില്‍ ചെന്നാല്‍ എവിടെ വേണമെങ്കിലും ക്വാറി നടത്താനുള്ള അനുവാദം നല്‍കുകയാണ്.
2008 ല്‍ എളമരം കരീം വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ് ക്വാറികള്‍ക്ക് ഒറ്റ തവണ റോയല്‍റ്റി ഈടാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ലൈസന്‍സ് എടുക്കുമ്പോള്‍ തന്നെ തുച്ഛമായ തുക റോയല്‍റ്റി അടച്ച് എത്ര വേണമെങ്കിലും പാറ പൊട്ടിക്കാനുള്ള അവസരമാണ് ഉണ്ടായത്. മുന്‍പ് ഓരോ ക്വാറിയും അളന്ന് തിട്ടപ്പെടുത്തി അവിടെ നിന്ന് പൊട്ടിക്കാവുന്ന പാറയുടെ അളവനുസരിച്ചാണ് റോയല്‍റ്റി തീരുമാനിച്ചിരുന്നത്. വലിയ റവന്യൂ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബാബുജി ചൂണ്ടിക്കാട്ടുന്നു.
“വയനാടിന്റെ കാര്‍ഷിക മേഖലയെ നിലനിര്‍ത്തിയിരുന്ന ചെറു അരുവികളും തോടുകളും ഉത്ഭവിച്ചിരുന്നത് മലയടിവാരങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 25 കൊല്ലങ്ങളായി തുടരുന്ന ഖനനം മൂലം ഈ ഉറവകളെല്ലാം ഇല്ലാതാവുകയും അരുവികളും തോടുകളും സമ്പന്നമാക്കിയിരുന്ന കാര്‍ഷിക മേഖല പാടെ തകരുകയും ചെയ്തു. അതോടൊപ്പം അതിനോടനുബന്ധിച്ച് ഉണ്ടായിരുന്ന ജൈവവൈവിധ്യവും ചെറു ജീവികളുമെല്ലാം ഇല്ലാതായി. വയനാടിന്റെ കാര്‍ഷികമേഖലയെ തകര്‍ത്ത ഈ ക്വാറികളില്‍ നിന്ന് പുറത്ത് വരുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളില്‍ 30 ശതമാനം മാത്രമാണ് സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബാക്കി മുഴുവന്‍ പോകുന്നത് ആര്‍ഭാട ആവശ്യങ്ങള്‍ക്കായിട്ടാണ്. ” പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് ജില്ലാ കണ്‍വീനര്‍ വര്‍ഗീസ് വട്ടക്കാട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പതിമൂന്നാമത് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയ്ക്ക് മുന്നില്‍ വന്ന ക്വാറികളെ കുറിച്ചുള്ള പരാതികളില്‍ ഭൂരിഭാഗവും വയനാട് അമ്പലവയല്‍ മേഖലയില്‍ നിന്നായിരുന്നു. അനധികൃത ക്വാറികള്‍ക്കെതിരെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് കേസെടുക്കാറുണ്ടെന്നും അയ്യായിരം രൂപ കോമ്പൗണ്ടിംഗ് ചാര്‍ജ്ജും 25000 രൂപ വരെ പിഴയും ഈടാക്കാറുണ്ടെന്നും വകുപ്പധികൃതര്‍ സമിതിയെ അറിയിച്ചു. അനധികൃത ഖനനത്തിനുള്ള ശിക്ഷ തുച്ഛമായ തുക ഫൈന്‍ മാത്രമായി നിലനില്‍ക്കുന്നത് വാസ്തവത്തില്‍ അനധികൃത ഖനനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ലൈസന്‍സ് നേടാതെ പാറ പൊട്ടിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
ശിക്ഷാനടപടികള്‍ കൊണ്ട് അനധികൃത പാറഖനനം തടയാനാകില്ല, പിഴ ഈടാക്കുന്നതിനനുസരിച്ച് പാറയുടെ വില കൂട്ടിക്കൊണ്ട് അവര്‍ തങ്ങളുടെ ലാഭം എങ്ങനെയും ഉറപ്പാക്കും. മറിച്ച് കര്‍ശന നിയന്ത്രണമാണ് ഉണ്ടാവേണ്ടത്. മുഴുവന്‍ ഖനനവും പൊതു ഉടമസ്ഥതയിലാക്കുകയും ഓരോ പ്രദേശത്തെയും ഖനനത്തിന് അതാത് ഗ്രാമസഭകളുടെ അനുമതി നിര്‍ബന്ധമാക്കുകയും വേണം എന്നാണ് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ അഭിപ്രായം.
ഖനനം പൊതുമേഖലയിലാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്വാറികളില്‍ നിന്ന് ജനവാസ മേഖലകളിലേക്കുള്ള ദൂരപരിധി 50 മീറ്ററായി കുറയ്ക്കുകയാണ് ചെയ്തത്. ഈ ഒറ്റ നിബന്ധനയുടെ മറവില്‍ വയനാട് ജില്ലയില്‍ മാത്രം 20 – 25 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി പറയുന്നു.
ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ രണ്ടു തരം ലൈസന്‍സുകളാണ് നല്‍കുന്നത്. ഓരോ വര്‍ഷത്തേക്കുള്ള ഷോര്‍ട്ട് ടൈം പെര്‍മിറ്റുകളും 15 കൊല്ലത്തേക്ക് നല്‍കുന്ന മൈനിംഗ് ലീസുകളും. പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയതോടെ ഇതില്‍ ഷോര്‍ട്ട് ടെം പെര്‍മിറ്റുള്ള ക്വാറികള്‍ മുഴുവന്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ലീസ് ഉള്ള 10 ക്വാറികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. അവയ്ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് ജില്ലാ കണ്‍വീനര്‍ വര്‍ഗീസ് വട്ടക്കാട്ടില്‍ പറയുന്നു. നിരോധനം മറികടന്ന് രാത്രിയുടെ മറവില്‍ ചില ക്വാറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
അമ്പലവയല്‍ മേഖലയിലെ ഏഴു പാറകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനിയന്ത്രിതമായ പാറ പൊട്ടിക്കല്‍ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് കളക്ടറായിരുന്ന ബി.കേശവേന്ദ്ര കുമാര്‍ അമ്പലവയല്‍ ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും ബാക്കിയുള്ളവയുടെ 200 മീറ്റര്‍ പരിധിയിലും പ്രവര്‍ത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കളക്ടറായിരുന്ന ബി.എസ് തിരുമേനി ക്വാറി ഉടമകളെ കൂടി കേട്ട ശേഷം നിരോധനം കൂടുതല്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
നിലവില്‍ വയനാട് ജില്ലയില്‍ നാലോ അഞ്ചോ ക്വാറികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി ഉള്ളതെന്നും കളക്ടറുടെ നിരോധന ഉത്തരവും സുപ്രീം കോടതി മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ജില്ലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ചും പ്രകൃതി ദുരന്തത്തിനുള്ള സജീവ സാധ്യത ഉള്ളതുകൊണ്ടുമാണ് മുന്‍ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു ക്വാറി പോലും ഇനി ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.