ഏഴ് ദിവസം കൊണ്ടൊരു വീട്. സിമന്റും കമ്പിയും വേണ്ട
Change Makers
ഏഴ് ദിവസം കൊണ്ടൊരു വീട്. സിമന്റും കമ്പിയും വേണ്ട
ഷാരോണ്‍ പ്രദീപ്‌
Monday, 11th June 2018, 12:04 pm

എറണാകുളം നഗരമധ്യത്തില്‍ ഏഴു ദിവസം കൊണ്ടൊരു മൂന്ന് നില വീട്, ചെലവ് ഒന്നരലക്ഷം രൂപ. ഇന്നത്തെ കാലത്ത് ഒരാള്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത സ്വപ്നമാണിത്. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ കേരളത്തില്‍ ശരാശരി ഇരുപത് ലക്ഷത്തോളം രൂപ ചെലവ് വരുമ്പോഴാണ് പരിസ്ഥിതിയോട് ഇണങ്ങി നില്‍ ക്കുന്ന ഈ വീടിന്റെ മാതൃക പരിസ്ഥി പ്രവര്‍ത്തകനായ അരുണ്‍ തഥാഗത് മുമ്പോട്ട് വെയ്ക്കുന്നത്.

1500 ചതുരശ്ര അടി വിസ്തീര്‍ണ്ണവും, മൂന്ന് നിലകളുമുള്ള ഒരു വീട് ഭൂമിയെ ഒട്ടും പരിക്കേല്‍പ്പിക്കില്ല എന്ന് കേട്ടാല്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസമായേക്കും. എന്നാല്‍ ഇന്ന് 12 കരിങ്കല്‍ തൂണുകളില്‍ അരുണ്‍ ഇതൊരു യഥാര്‍ത്ഥ്യമായി ഉയര്‍ത്തിയിരിക്കുകയാണ്.

“”ഒരു വീടിന്റെ നിര്‍മ്മാണത്തിന് വേണ്ടി മാത്രം ആളുകള്‍ വര്‍ഷങ്ങളാണെടുക്കുന്നത്. വീട് പണിയാന്‍ എന്തിനാണ് ജീവിതം മുഴുവന്‍ ഉഴിഞ്ഞ് വെയ്ക്കുന്നത്?. ഒരു വരുമാനവും ഇല്ലാത്തവര്‍ പോലും പത്തും പതിനഞ്ചും ലക്ഷത്തിന്റെ വീട് പണിയുന്നതാണ് സ്വപനം കാണുന്നത്. എടുക്കുന്ന ലോണ്‍ മുഴുവന്‍ സിമന്റ് കമ്പനികള്‍ക്കും
കമ്പി നിര്‍മ്മാണ കമ്പനികള്‍ക്കും വീതിച്ച് നല്‍ കുന്നു. എന്നിട്ട് ക്വാറി പൊളിക്കുന്നതിനെതിരെ കവിതയെഴുതുകയും സെമിനാറുകള്‍ നടത്തുകയും ചെയ്യുന്നു. എന്ത് പ്രയോജനമാണ് ഇതുകൊണ്ടുള്ളത്”, അരുണ്‍ ചോദിക്കുന്നു.



വീട് നിര്‍മ്മാണം എന്ന സങ്കീര്‍ണ്ണ പ്രവര്‍ത്തി കൊണ്ട് കായലുകള്‍ കയങ്ങളാവുന്നതും, മലനിരകള്‍ സമതലങ്ങളാവുന്നതും അരുണ്‍ ചൂണ്ടികാണിക്കുന്നു. പലരും ഇതിനെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അടിസ്ഥാന കാരണമായ കെട്ടിട നിര്‍മ്മാണത്തെ പരിസ്ഥിതിയോട് ഇണങ്ങുന്ന വിധത്തിലാക്കുന്നില്ല. ഇത് കാപട്യമല്ലാതെ ഒന്നുമല്ല

തമിഴ്‌നാട്ടിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനിടയായപ്പോഴാണ് അരുണ്‍ ഈ മാതൃക ആദ്യമായ് കാണുന്നത്. ഒരു ദിവസം പതിനായിരം രൂപ നല്‍കി ഇത്തരം റിസോര്‍ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ജീവിതകാലം മുഴുവന്‍ ഇതില്‍ കഴിഞ്ഞുകൂടാ എന്ന ചോദ്യമാണ് ഇത്തരം ഭവനത്തിന്റെ നിര്‍മ്മാണം ഏത് വിധമാണെന്ന് അന്വേഷിക്കാന്‍ അരുണിന് പ്രേരണയായത്.

ഏഴ് ദിവസങ്ങള്‍ മാത്രമാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന് അരുണ്‍ ചെലവിട്ടത്. തമിഴ്‌നാട്ടില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ നാട്ടിലെത്തിച്ചു. ഈ ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കുകയും, നാട്ടില്‍ നിന്ന് തന്നെ അസംസ്‌കൃത വസ്തുക്കളും തൊഴിലാളികളേയും കിട്ടുകയുമാണെങ്കില്‍ ചെലവ് ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്ന് അരുണ്‍ ഉറപ്പിച്ച് പറയുന്നു.



കാറ്റാടിക്കഴ, മുള, ഓല എന്നിവയാണ് വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കരിങ്കല്‍ തൂണൂകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതിനാല്‍ വീട്ടില്‍ ചിതല്‍ ശല്യമില്ല. നാല് വര്‍ഷം കൂടുമ്പോള്‍ ഓല മാറ്റുകയാണെങ്കില്‍ വീട് പുതുമയോടെ നിലനില്‍ക്കും. മറ്റ് പരിസ്ഥിതി സൗഹൃദ വീടുകള്‍ പലതും അസൗകര്യങ്ങള്‍ കൊണ്ടും, സൗകര്യമില്ലായ്മ കൊണ്ടും ആളുകളെ ആകര്‍ഷിക്കുന്നതില്‍ പിറകില്‍ നില്‍ക്കുമ്പോള്‍ ആ പോരായ്മകള്‍ പലതും പരിഹരിക്കുന്നതാണ് അരുണ്‍ മുന്നോട്ട് വെച്ച മാതൃക.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വീടാണിതെന്നും അരുണ്‍ പറയുന്നു. ചൂടത്ത് കോണ്‍ക്രീറ്റ് വീടുകളിലേക്ക് കയറുന്നത് പോലും ആലോചിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇവിടെ അത്തരം പ്രശ്‌നങ്ങളില്ല. മഴയത്തും ചൂട്കാലത്തും ഒരുപോലെ ഇത്തരം വീടുകള്‍ ഉപയോഗിക്കാം.



വീടിന്റെ നിര്‍മ്മാണത്തിലെ സവിശേഷത കൊണ്ട് മാധ്യമങ്ങളും നാട്ടുകാരും ഇങ്ങോട്ട് നിരന്തരം വരുന്നുണ്ടെന്നും, ചിലരെങ്കിലും ഈ മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അരുണ്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാത്ത ആളായതിനാല്‍ വീട്ടില്‍ അടുക്കള നിര്‍മ്മിച്ചിട്ടില്ല. എന്നാല്‍ വീട്ടില്‍ അടുക്കളയും, ശുചിമുറിയും എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതാണെന്നും അരുണ്‍ പറയുന്നുണ്ട്.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍