| Thursday, 18th April 2019, 8:30 am

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച നിരീക്ഷകന് സസ്‌പെന്‍ഷന്‍; അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഡീഷയില്‍ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്സര്‍വര്‍ ആയി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

മോദിയുടെ ഹെലികോപ്റ്ററില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നു കമ്മീഷന്‍ ഉത്തരവില്‍ അറിയിച്ചു. എസ്പിജി സുരക്ഷയുള്ളവര്‍ക്കായുള്ള മാഗനിര്‍ദേശങ്ങള്‍ക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം കമ്മീഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദി വരുന്നതിനു തലേദിവസം സാംബല്‍പുരിലെത്തിയ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ക്കായാണ് കമ്മീഷന്‍ പൊതു നിരീക്ഷകരെ വിവിധ മേഖലകളില്‍ നിയമിച്ചിരിക്കുന്നത്. ഇവര്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇവരെ നിയമിക്കുന്നത്.


We use cookies to give you the best possible experience. Learn more