| Tuesday, 1st October 2024, 8:41 am

ഫോറിന്റെ പത്തിരട്ടി സിക്‌സര്‍! 347.62 സ്‌ട്രൈക്ക് റേറ്റ്; അവന്‍ ബാറ്റെടുത്ത് വന്നതേ ഓര്‍മയുള്ളൂ, പിന്നെ വെടിയും പുകയും മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.സി.സി ടി-10ല്‍ തകര്‍പ്പന്‍ വിജയവുമായി ഗ്രീസ്. കഴിഞ്ഞ ദിവസം എസ്റ്റോണിയക്കെതിരെ നടന്ന മത്സരത്തിലാണ് ഗ്രീസ് താരങ്ങളുടെ വെടിക്കെട്ടിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. എസ്‌റ്റോണിയ ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം വെറും ഏഴ് ഓവറില്‍ മറികടന്നാണ് ഗ്രീസ് വിജയം സ്വന്തമാക്കിയത്.

കാര്‍ട്ടാമ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗ്രീസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എസ്‌റ്റോണിയന്‍ സൂപ്പര്‍ താരം സഹില്‍ ചൗഹാന്റെ വെടിക്കെട്ടിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

വെറും 19 പന്ത് നേരിട്ട താരം 77 റണ്‍സാണ് അടിച്ചെടുത്തത്. ഒമ്പത് സിക്‌സറും അഞ്ച് ഫോറും അടക്കം 405.26 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ കണ്ടെത്തിയത്.

20 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അര്‍സ്‌ലന്‍ അംജദും മികച്ച പ്രകടനം പുറത്തെടുത്തു.

ഒടുവില്‍ പത്ത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് എസ്‌റ്റോണിയ അടിച്ചെടുത്തത്.

60 പന്തില്‍ 145 റണ്‍സ് എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗ്രീസ് ഒട്ടും സമയം പാഴാക്കാതെ വെടിക്കെട്ട് തുടങ്ങി. സിനാന്‍ ഖാനും അജിദ് അഫ്രിദിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വെറും 24 പന്തില്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ത്തു. സിനാന്‍ ഖാന്റെ വെടിക്കെട്ടാണ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചത്.

ടീം സ്‌കോര്‍ 108ല്‍ നില്‍ക്കവെ അഫ്രിദിയെ ഗ്രീസിന് നഷ്ടമായി. തൊട്ടടുത്ത പന്തില്‍ അമര്‍പ്രീത് മെഹ്‌മിയും പുറത്തായി. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ അസ്‌ലം മുഹമ്മദിനെ ഒപ്പം കൂട്ടി സിനാന്‍ ഖാന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഖാന്‍ 21 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടി. പത്ത് സിക്‌സറും ഒരു ഫോറും അടക്കം 347.62 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

അസ്‌ലം മുഹമ്മദ് ഒമ്പത് പന്തില്‍ പുറത്താകാതെ 21 റണ്‍സും നേടി. എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 18 റണ്‍സും ഗ്രീസിന്റെ വിജയം വേഗത്തിലാക്കി.

Content Highlight: ECC T10 2024: Greece bags victory over Estonia

Latest Stories

We use cookies to give you the best possible experience. Learn more