കൊല്‍ക്കത്ത: തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളിലെ അപാകതകള്‍ മൊബൈല്‍ ആപ്പ് വഴി ചൂണ്ടിക്കാട്ടാന്‍ സമ്മതിദായകരോട് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ. പി. റാവത്ത് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു സമയത്തെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനായി രൂപകല്പന ചെയ്ത കമ്മീഷന്റെ പുതിയ ആപ്പ് ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ലഭ്യമാക്കിയിരുന്നു. ആപ്പ് വഴി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടില്ലെന്നും കമ്മീഷണര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.
“കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 780 പരാതികള്‍ ദൃശ്യരൂപത്തില്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. തെളിവുസഹിതം പരാതികള്‍ സമര്‍പ്പിക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്ന നീക്കമാണ് ഈ മൊബൈല്‍ ആപ്പ്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതു വഴി ഓരോരുത്തരും സമ്മതിദാന പ്രക്രിയയുടെ കാവല്‍ക്കാരായി മാറുകയാണ്.” കമ്മീഷണര്‍ പറയുന്നു.
പരാതിയിലെ വീഡിയോ എടുത്തിട്ടുള്ള സ്ഥലം കൃത്യമായി മനസ്സിലാക്കുകയും, ഉടനടി വേണ്ട നടപടികള്‍ സ്വീകരിക്കുകയുമാണ് കമ്മീഷന്‍ ചെയ്യുക. ക്രമക്കേടു നടന്ന മണ്ഡലവും പ്രിസൈഡിങ്ങ് ഓഫീസറുടെ നമ്പറുമടക്കമുള്ള വിവരങ്ങള്‍ ഇതുവഴി അധികൃതര്‍ക്ക് ലഭ്യമാകും. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇനി ഈ സമ്പ്രദായം പിന്തുടരും.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പു കമ്മീഷണര്‍ പ്രതികരിച്ചു. “രാഷ്ട്രീയലാഭത്തിനായി ഇ.വി.എമ്മിനെ ബലിയാടാക്കുകയാണ് പാര്‍ട്ടികള്‍. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമേയില്ല.” കമ്മീഷണര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ചും പെയ്ഡ് ന്യൂസിനെക്കുറിച്ചും കമ്മീഷന് അറിവുണ്ട്. വോട്ടര്‍മാരുടെ ഡാറ്റ സംരക്ഷിക്കാനും കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള വിവരച്ചോര്‍ച്ചകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാനും സമൂഹമാധ്യമങ്ങള്‍ക്കായി പ്രത്യേക പെരുമാറ്റച്ചട്ടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ നിരീക്ഷണത്തിനായി പ്രത്യേകം സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുള്ളതായി കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നിഷ്‌ക്രിയമായിരുന്ന ആയിരത്തോളം രാഷ്ട്രീയപ്പാര്‍ട്ടികളെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.