കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് രണ്ടാമതും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കാണ് മമതയ്‌ക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചത്. മമതയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഹിന്ദു-മുസ്‌ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്‌ലീങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,” എന്നായിരുന്നു മമത പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ പ്രതികരണവുമായ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് മമത പ്രതികരിച്ചത്.
”നിങ്ങള്‍ക്ക് എനിക്ക് 10 കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിയും, പക്ഷേ എന്റെ മറുപടി ഒന്നുതന്നെയാണ്. ഹിന്ദു, മുസ്ലിം വോട്ടുകളിലെ ഏത് വിഭജനത്തിനെതിരെയും ഞാന്‍ എപ്പോഴും സംസാരിക്കും. മതപരമായ രീതിയില്‍ വോട്ടര്‍മാരെ വിഭജനത്തിനെതിരെ ഞാന്‍ എപ്പോഴും നിലകൊള്ളും,’ മമത പറഞ്ഞു.