ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചുവെന്ന ജയറാം രമേശിന്റെ ആരോപണങ്ങളുടെ വസ്തുതാ വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ശനിയാഴ്ചയാണ് ജയറാം രമേശ് അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ചത്. വോട്ടെണ്ണല്‍ അടുക്കുന്ന വേളയില്‍ അമിത് ഷാ കലക്ടര്‍മാരെ വിളിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്താനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബി.ജെ.പി നടത്തുന്നത് കൃത്യമായ തെരഞ്ഞെടുപ്പ് ലംഘനമാണെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.
ജയറാം രമേശിന്റെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചു. സുതാര്യമായ പ്രക്രിയയെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആര്‍ക്കും പറയാന്‍ അധികാരമില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ തെളിവുകള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
‘ഒരു ദേശീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായ വസ്തുതയുടെ അടിസ്ഥാനത്തിലായിരിക്കണം. വോട്ടെണ്ണലിന് തൊട്ടുമുമ്പ് താങ്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തി എന്ന് പറയുന്ന ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇന്ന് വൈകുന്നേരം 6 മണിക്കുള്ളില്‍ പൂര്‍ണ വിവരങ്ങള്‍ ഹാജരാക്കണം. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കൂടുതല്‍ നടപടികളെടുക്കാന്‍ അത് ഉപകരിക്കും,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞു.
അതേസമയം ജൂണ്‍ നാലിന് ബി.ജെ.പിയും മോദിയും പുറത്തു പോകുമെന്നും ഇന്ത്യ സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരാരും രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങരുതെന്നും, അവര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: EC seeks response from Jairam Ramesh over allegations against Amit Shah