| Wednesday, 20th March 2024, 9:00 pm

ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം; ഡി.എം.കെയുടെ പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഡി.എം.കെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പെരുമാറ്റച്ചട്ട പ്രകാരം കേസെടുത്ത് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തമിഴ്‌നാടിനെയും കേരളത്തെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ശോഭ കരന്തലജെയുടെ വിവാദ പരമാര്‍ശം. തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്ന ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് പരിശീലനം നേടി കര്‍ണാടകയില്‍ ബോംബാക്രമണം നടത്തുന്നു എന്നാണ് അവര്‍ പറഞ്ഞത്.

മലയാളികള്‍ കര്‍ണാടക പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് അവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

സംഭവത്തില്‍ പരാതിയുമായി കേരളത്തില്‍ നിന്ന് മഹിള കോണ്‍ഗ്രസും രംഗത്തെത്തി. ഡി.ജി.പിക്ക് പരാതി നല്‍കിയതായി മഹിള കോണ്‍ഗ്രസ് അറിയിച്ചു. ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ചെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍ പറഞ്ഞു.

Content Highlight: EC seeks immediate action against Shobha Karandlaje for alleged model code violation

We use cookies to give you the best possible experience. Learn more