ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ ആശങ്ക പ്രകടിപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം). ജനവിധി അട്ടിമറിക്കാനും നിലവിലെ അധികാരം നിലനിര്‍ത്തുന്നതിനുമായി എന്തെങ്കിലും തരത്തിലുള്ള കൃത്രിമം വോട്ടെണ്ണല്‍ പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുമോയെന്ന ആശങ്കയാണ് സംയുക്ത കിസാന്‍ മോര്‍ച്ച നോട്ടീസില്‍ പങ്കുവെച്ചത്.
500 കര്‍ഷക യൂണിയനുകളെ പ്രതിനിധീകരിക്കുന്ന എസ്.കെ.എം ഇന്ത്യയിലുടനീളമുള്ള ഏകദേശം 10 കോടി കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്നു.
വോട്ടെണ്ണല്‍ പ്രക്രിയയിലെ ആശങ്കയറിയിക്കുന്നതിനൊപ്പം തന്നെ ദല്‍ഹിയില്‍ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ 13 മാസം നീണ്ട് നിന്ന കര്‍ഷക സമരത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിച്ചത്.
‘ നിരവധി കര്‍ഷകരുടെ ജീവത്യാഗത്തിനും കൊലപാതകത്തിനും വരെ സമരം സാക്ഷിയായി. വിദേശ തീവ്രവാദികളുടെയും ഖലിസ്ഥാനികളുടെയും ഫണ്ട് ഉപയോഗിച്ച് കര്‍ഷകരെ ദേശവിരുദ്ധരായി അധിക്ഷേപിച്ച് ബി.ജെ.പി വിഷം ചീറ്റി.
മിനിമം താങ്ങുവില നടപ്പിലാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതക്കുന്ന നിലപാടാണ് അവരുടേത്. അതിനെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിച്ചു,’ എസ്.കെ.എം നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
‘തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുടെ ഉന്നത നേതാക്കളും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടവും ഇന്ത്യന്‍ ഭരണഘടനയും ലംഘിച്ചു. ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനായിരുന്നു ഇപ്പോഴും അവര്‍ ശ്രമിച്ചു കൊണ്ടിരുന്നത്.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സ്വാതന്ത്ര്യത്തോടെയും സഹോദര്യത്തോടെയും ജീവിക്കുന്നവര്‍ക്കിടയിലേക്ക് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം കുത്തി കയറ്റാനായിരുന്നു മിക്കപ്പോഴും അവരുടെ ശ്രമം. മതേതരത്വത്തിന് മേലെയുള്ള ബി.ജെ.പിയുടെ കടന്നാക്രമണം അത്ര വലുതായിരുന്നു,’ എസ്.കെ.എം പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന മോദിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനും രണ്ടുതവണ എസ്.കെ.എം പരസ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞിരുന്നെന്നും നോട്ടീസില്‍ അവര്‍ ഓര്‍മിപ്പിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളെ നിശ്ശബ്ദരാക്കാന്‍ ദല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുകയും, പ്രതിപക്ഷ പാര്‍ട്ടികളുടെ അക്കൗണ്ടകള്‍ മരവിപ്പിക്കുകയും ചെയ്ത സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും മിണ്ടിയില്ലെന്നും എസ്.കെ.എം ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തതും ധാര്‍മികമായി തെറ്റായിരുന്നെന്നും എസ്.കെ.എം കൂട്ടിച്ചേര്‍ത്തു.
സുതാര്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാനും, കൃത്രിമത്വം സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ചട്ടങ്ങള്‍ അനുസരിച്ച് വോട്ടുകളുടെ കൃത്യമായ വിശദാംശങ്ങള്‍ ഇടയ്ക്കിടെ പൊതുജനങ്ങളുമായി പങ്കിടാനും ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകളെക്കുറിച്ച് എല്ലാ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍മാരെയും അറിയിക്കാനും എസ്.കെ.എം തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.
Content Highlight: EC’s Failure to Uphold Constitutional Responsibility Has Enabled BJP’s Divisive Ideology: SKM