'അസംബന്ധം'; കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കുന്നെന്ന സ്മൃതി ഇറാനിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
D' Election 2019
'അസംബന്ധം'; കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കുന്നെന്ന സ്മൃതി ഇറാനിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 8:27 am

ലക്‌നൗ: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കുന്നു എന്ന കേന്ദ്രമന്ത്രി  സ്മൃതി ഇറാനിയുടെ ആരോപണം തെറ്റാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ലാക്കു വെങ്കട്ടേശര്‍ലു. ഇത് സംബന്ധിച്ച് സ്മൃതി ഇറാനി ട്വിറ്ററില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

തന്റെ കയ്യില്‍ പിടിച്ച് കൈ ചിഹ്നത്തിന് വോട്ട് ചെയ്യിച്ചെന്നും എതിര്‍പ്പ് കണക്കിലെടുത്തില്ലെന്നും പരാതിപ്പെടുന്ന വോട്ടറുടെ വീഡിയോയാണഅ സ്മൃതി ഇറാനി പുറത്ത് വിട്ടത്. കോണ്‍ഗ്രസിന്റെ ബൂത്ത് പിടുത്തത്തിന്റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
സ്മൃതി ഇറാനി പങ്കുവെച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയായിരുന്നു ഇതിന് പിന്നിലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. രാഹുല്‍ ഗാന്ധി അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു.

‘അവര്‍ പറയുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന്. എന്നാല്‍ അവരാണ് അത്. അവര്‍ വോട്ട് മോഷ്ടിക്കുന്നു. രാഹുല്‍ഗാന്ധി ഇതിന് മറുപടി പറയേണ്ടി വരും.’ സ്മൃതി ഇറാനി പറഞ്ഞു.