അസമില്‍ അടിതെറ്റി ബി.ജെ.പി; ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ സഹോദരനെ എസ്.പി സ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
അസമില്‍ അടിതെറ്റി ബി.ജെ.പി; ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ സഹോദരനെ എസ്.പി സ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd April 2021, 4:18 pm

ഗുവാഹത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഹിമന്ത ബിശ്വ ശര്‍മയുടെ സഹോദരനും ഗോള്‍പാറ പൊലീസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശര്‍മയെ ജില്ലയില്‍ നിന്ന് തന്നെ സ്ഥലം മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്ത് അനുയോജ്യമായ ഏതെങ്കിലും തസ്തികയിലേക്ക് സ്ഥലം മാറ്റാനാണ് കമ്മീഷന്റെ ഉത്തരവ്.

സുശാന്തയ്ക്ക് പകരം ഐ.പി.എസ് ഓഫീസര്‍ വീര വെങ്കട രാഗേഷ് റെഡ്ഡിയ്ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. ഏപ്രില്‍ ആറിനാണ് അസമില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഹിമന്ത ബിശ്വ ശര്‍മ്മയെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് കമ്മീഷന്‍ വിലക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്‍ നല്‍കുന്നതിലും വിലക്കുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്ത് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് വെല്ലുവിളിച്ചതിനാണ് ഹിമന്ത വിശ്വയ്ക്ക് നേരെ കമ്മീഷന്‍ നടപടിയെടുത്തത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

നേരത്തെ, സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയും മോറിഗെയ്ന്‍ സ്ഥാനാര്‍ത്ഥിയുമായ രാമ കാന്ത ദേവ്രിയയ്ക്കെതിരെ പരാതിയുമായി എ.ജെ.പിയും രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ദേവ്രിയ പണം വിതരണം ചെയ്തുവെന്നാരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

ഒരു കൂട്ടം സ്ത്രീകള്‍ക്ക് ദേവ്രിയ പണം വിതരണം ചെയ്യുന്ന വീഡിയോയും എ.ജെ.പി പങ്കുവെച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: EC Removes Himant Biswa’s Brother From Top Cop