മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തില്‍ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
D' Election 2019
മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തില്‍ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 9:17 pm

ന്യൂദല്‍ഹി: പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തോടുള്ള വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

ഭൂരിപക്ഷ അഭിപ്രായമാണു തീരുമാനമാവുകയെന്നും അതാണു കീഴ്‌വഴക്കമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ലവാസയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഒന്നിനെതിരേ രണ്ട് വോട്ടുകള്‍ക്കാണ് ലവാസയുടെ ആവശ്യം തള്ളിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര, ലവാസ എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നത്. മറ്റു രണ്ടുപേരും ലവാസയുടെ ആവശ്യത്തിനെതിര് നിന്നു.

വിയോജനക്കുറിപ്പ് രേഖാമൂലം പരസ്യപ്പെടുത്തണമെന്നായിരുന്നു ലവാസയുടെ ആവശ്യം. പെരുമാറ്റച്ചട്ട ലംഘനം അര്‍ധ ജുഡീഷ്യല്‍ വിഷയമല്ല. അതില്‍ ഭൂരിപക്ഷ തീരുമാനമാണു നടപ്പാക്കുക.

വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടതു ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലവാസ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ഈ തത്വങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബാധകമാണ്. ഒട്ടേറെത്തവണ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനു ശേഷമാണു തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായതെന്നും ലവാസ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ച്ചയായി വിട്ടു നില്‍ക്കുന്ന അശോക് ലവാസക്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തയച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ചാണ് അശോക് ലവാസ് യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് ലവാസ മുഖ്യ കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാല്‍ യോഗത്തിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നുമാണ് ലവാസ നല്‍കിയ കത്തില്‍ പറയുന്നത്. ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയായിരുന്നു തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ലവാസ പ്രതികരിക്കുന്നത്.