ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തളളി. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.
കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്. പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്.
വിവിപാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവിപാറ്റിലെ മുഴുവന്‍ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് 21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ എല്ലാ ഘടകങ്ങളും എണ്ണണമെന്നും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.