അനുമതിയില്ലാത്ത പ്രചാരണഗാനം ഉപയോഗിച്ചു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ക്യാമറ തട്ടിപ്പറിച്ചു; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരേ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു രണ്ട് കേസ്
കൊല്‍ക്കത്ത: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്രമന്ത്രിയും ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോയ്‌ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാര്‍ച്ചില്‍ സുപ്രിയോയ്ക്ക് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി ചിത്രീകരിച്ച ഗാനം കമ്മീഷന്‍ അനുമതി നിഷേധിച്ചിട്ടു പോലും ഉപയോഗിച്ചതിനാണ് ഒരു കേസ്. മറ്റൊന്ന് തന്റെ പ്രചാരണറാലി ചിത്രീകരിക്കവേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന ക്യാമറ സുപ്രിയോ തട്ടിപ്പറിച്ചതിനാണ്.
മാര്‍ച്ചിലെ കാരണം കാണിക്കല്‍ നോട്ടീസിനുശേഷം ഗാനത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ ഗാനം പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഈ രണ്ടു വിഷയങ്ങളിലും 48 മണിക്കൂറിനുള്ളില്‍ സുപ്രിയോ കമ്മീഷനു വിശദീകരണം നല്‍കണം.
എന്നാല്‍ ഗാനത്തിന്റെ കാര്യത്തില്‍ ന്യായീകരണവുമായി സുപ്രിയോ രംഗത്തെത്തിയിട്ടുണ്ട്. താനല്ല ഗാനമുണ്ടാക്കിയതെന്നും പ്രചാരണത്തിന്റെ ചുമതലയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അതു ചിത്രീകരിക്കുന്ന സമയം താന്‍ അത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അതുവഴിയാകാം പ്രചരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ബംഗാളിലെ വ്യവസായമേഖലയായ അസന്‍സോളില്‍ സുപ്രിയോയ്‌ക്കെതിരേ നടിയും ബാങ്കുര എം.പിയുമായ മൂണ്‍ മൂണ്‍ സെന്നിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
അസന്‍സോളിലെ സിറ്റിങ് എം.പിയാണ് ഗായകനും നടനും കൂടിയായ ബാബുല്‍ സുപ്രിയോ.