| Sunday, 12th August 2018, 12:10 pm

2019ല്‍ കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടാവും; മുന്‍കരുതലെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വി.വി.പാറ്റ് യന്ത്രങ്ങള്‍ കേടുവരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ 10% വി.വി.പാറ്റ് യന്ത്രങ്ങള്‍ അധികം കരുതണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പു പാനലില്‍ നിന്നുള്ള ഒരു നോട്ടീസ് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടായ സംഭവങ്ങള്‍ വളരെയെധികം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്.

Also Read:ബാണാസുരസാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന ആരോപണവുമായി വില്ലേജ് ഓഫീസര്‍

“മാനുഷികമായ ഇടപെടല്‍ കാരണം കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടാവാന്‍ സാധ്യതയുണ്ട്” എന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

“മികച്ച പരിശീലനത്തിലൂടെയും പദ്ധതികളിലൂടെയും വി.വി.പാറ്റ് തകരാറിലാവുന്ന സംഭവങ്ങള്‍ 1% മുതല്‍ 2% വരെ മാത്രം കുറയ്ക്കാന്‍ സാധിച്ചു” എന്നും നോട്ടീസില്‍ പറയുന്നു. “ഈ കുറവുണ്ടായിട്ടും വി.വിപാറ്റ് തകരാറിലാവുന്നതിന്റെ നിരക്ക് 8%- 9% ആയി മാറിയിരിക്കുകയാണ്.” എന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു.

Also Read:ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

ജൂണ്‍ 20ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ 1.3ലക്ഷം വി.വി.പാറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്ത 16.15ലക്ഷത്തിനു പുറമേയാണിത്. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ വി.വിപാറ്റ് ശേഖരത്തില്‍ 25% മുതല്‍ 35% വരെ വര്‍ധനവുണ്ടാവും.

ആകെ 17.4 ലക്ഷം വി.വി.പാറ്റുകള്‍ക്കാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 30നു മുമ്പ് ഇത് എത്തിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 250.16 കോടി രൂപയോളമാണ് ഇതിനു ചിലവു പ്രതീക്ഷിക്കുന്നത്.

മെയ് 28ന് കൈരാന, ബണ്ഡാര-ഗോണ്ഡിയ ഉപതെരഞ്ഞെടുപ്പുകളില്‍ നിരവധിയിടങ്ങളില്‍ വി.വി.പാറ്റ് തകരാറുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബണ്ഡാര-ഗോണ്ഡിയയില്‍ 35 ബൂത്തുകളിലാണ് പോളിങ് നിര്‍ത്തിവെക്കേണ്ടി വന്നത്. കൈരാനയില്‍ 175 ബൂത്തുകളിലാണ് വി.വി.പാറ്റ് തകരാറ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായ തബസ്സും ഹസന്‍ തെരഞ്ഞെടുപ്പു പാനലിന് എഴുതിയ കത്തില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more