| Tuesday, 21st November 2023, 10:46 pm

കെജ്‌രിവാളിനെതിരെയുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ; ദൽഹി ബി.ജെ.പി പ്രസിഡന്റിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള സമൂഹ മാധ്യമങ്ങളുടെ പോസ്റ്റുകളിൽ ദൽഹി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്.

ദൽഹി ബി.ജെ.പിയുടെ എക്സ്, ഫേസ്ബുക് അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പിന്നാലെ നവംബർ 16ന് ആം ആദ്മി പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടിയുടെ താരപ്രചാരകൻ കൂടിയായ കെജ്‌രിവാളിന്റെ പ്രതിഛായ തകർക്കുക എന്ന ദുരുദ്ദേശത്തോടെ ഈ പോസ്റ്റുകളിൽ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചു എന്നായിരുന്നു ആം ആദ്മിയുടെ ആരോപണം.

പൊതുജനങ്ങൾക്ക് മുമ്പിൽ തെറ്റായ പ്രൊപഗണ്ട നടത്താൻ നിയമവിരുദ്ധമായി ചിത്രങ്ങൾ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു.

‘പരാതിയിൽ പറയുന്ന ട്വീറ്റുകളും പോസ്റ്റുകളും പ്രഥമ ദൃഷ്ട്യാ മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരിക്കുന്നു,’ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നവംബർ 23നകം വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി ബി.ജെ.പി പ്രസിഡന്റിനോട് നിർദേശിച്ചു.

മറുപടി ലഭിക്കാത്ത പക്ഷം യാതൊരു വിശദീകരണവും നൽകാതെ അനിവാര്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Content Highlight: EC notice to Delhi BJP chief after AAP alleges ‘mala fide intention’ to ruin image of Kejriwal

We use cookies to give you the best possible experience. Learn more