| Saturday, 1st June 2019, 5:34 pm

ഇ.വി.എമ്മിന്റെ കാര്യത്തില്‍ ജനങ്ങളുടേയും പ്രതിപക്ഷത്തിന്റേയും സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുളള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ടെന്ന് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ ഖുറേഷി. വി.വിപാറ്റ്-ഇ.വി.എം സിസ്റ്റത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇ.വി.എം അല്ലെങ്കില്‍ വി.വിപാറ്റില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല. ഓരോ തവണ നിങ്ങള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോഴും അതില്‍ സമാനമായ കണക്കുകളാണുണ്ടാവുക. എനിക്ക് ഈ ആരോപണങ്ങള്‍ മനസിലാവുന്നില്ല. എന്നിരുന്നാലും പ്രതിപക്ഷത്തെയും ജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ട്. നമ്മള്‍ ജനങ്ങളെ ഒപ്പം നിര്‍ത്തേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും നിലനിര്‍ത്തുകയും വേണമെന്നും അദ്ദേഹം പി.ടി.ഐയോടു പറഞ്ഞു.

‘ഇ.വി.എം അട്ടിമറിക്കാമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ല. വി.വിപാറ്റുകള്‍ കൊണ്ടുവന്നതോടെ അത്തരമൊരു സാധ്യത പൂര്‍ണമായി ഇല്ലാതാവുകയാണ്.’ അദ്ദേഹം പറഞ്ഞു.

ബാലറ്റിലേക്കു പോകണമെന്ന ആവശ്യത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകുന്ന ചോദ്യമുദിക്കുന്നില്ല. നമ്മള്‍ വി.വിപാറ്റ് ഇ.വി.എം സിസ്റ്റം പരിഷ്‌കരിക്കുകയാണ് വേണ്ടത്.’ അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more