| Wednesday, 28th April 2021, 5:19 pm

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം, സ്ഥാനാര്‍ത്ഥികള്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം സ്ഥാനാര്‍ത്ഥികളും പോളിംഗ് ഏജന്റുമാരും കൗണ്ടിംഗ് സെന്ററുകളിലെത്തുന്നതിനു മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കമ്മീഷന്‍ ഉത്തരവിറക്കി.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖ ഹാജരാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇതിനായി എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അതത് പ്രദേശങ്ങളില്‍ വേണ്ട സൗകര്യമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 30 മുതല്‍ സ്ഥാനാര്‍ത്ഥികളും പോളിംഗ് ഏജന്റുമാരു കൊവിഡ് ടെസ്റ്റ് എടുത്തു തുടങ്ങണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കേരളം, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാനിരിക്കുകയാണ്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,60,960 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,162 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. ഇതിനോടകം 1,79,97,267 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; EC Makes Mandatory Covid Negative Certificate For Candidates To Enter Polling Booth

Latest Stories

We use cookies to give you the best possible experience. Learn more