ചണ്ഡിഗഢ്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിങ് ചന്നിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണം ഭാരതീയ ജനതാ പാര്‍ട്ടിയെ സഹായിക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചന്നിക്ക് നോട്ടീസ് അയച്ചത്.
ചരണ്‍ജിത് സിങ് ചന്നിയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന താക്കീത് നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജലന്ധറിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറും വിശദീകരണം നല്‍കാന്‍ ചന്നിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
ഒരു ഐ.എ.എഫ് ജവാന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പൂഞ്ച് ഭീകരാക്രമണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള ‘പോള്‍ സ്റ്റണ്ട്’ ആണെന്നാണ് ചരണ്‍ജിത് സിങ് ചന്നി പറഞ്ഞത്.
ഭാവിയില്‍ ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചന്നിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ചന്നിയെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മെയ് നാലിന് പൂഞ്ച് ജില്ലയില്‍ ഐ.എ.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: EC issues warning to Congress leader Charanjit Singh Channi for remarks on Poonch attack