'ബാബറിന്റെ പിന്‍ഗാമി പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ് )പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ‘ബാബര്‍ കീ ഔലാദ്’ (ബാബറിന്റെ മകന്‍) എന്ന് യോഗി അഭിസംബോധന ചെയ്തത്.
‘സംഭാലില്‍ എസ്.പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരമര്‍പ്പിക്കാന്‍ മടിക്കുകയും വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിക്കുകയും ബാബറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്നയാളാണ്. നിങ്ങളുടെ വോട്ടിന് ഇയാള്‍ അര്‍ഹനല്ല’ എന്നായിരുന്നു യോഗി പറഞ്ഞത്.
ഒരിക്കല്‍ പാര്‍ലമെന്റില്‍ അന്ന് എം.പിയായിരിക്കെ എസ്.പി സ്ഥാനാര്‍ത്ഥിയോട് ഞാന്‍ ചോദിച്ചു ആരാണ് മുന്‍ഗാമിയെന്ന് അദ്ദേഹം പറഞ്ഞത് ബാബറിന്റെ പിന്‍ഗാമിയാണെന്നാണ്’
വികസന വിരുദ്ധരും വഞ്ചകരും ഭീകരവാദികളും ബജ്റംഗബലിയുടെ വിശ്വാസത്തെ എതിര്‍ക്കുന്നവരുമായ ആളുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൊടുക്കുമോയെന്നും യോഗി ചോദിച്ചു.മൂന്നു ദിവസം ബജ്റംഗ ബലിയെ സാധന ചെയ്തിട്ടാണ് താന്‍ വരുന്നതെന്നും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് യോഗി പറഞ്ഞിരുന്നു.