മുസ്‌ലിം വിരുദ്ധ പരാമര്‍ശം; ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
D' Election 2019
മുസ്‌ലിം വിരുദ്ധ പരാമര്‍ശം; ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 9:04 pm

ബെഗുസരായ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബെഗുസരായ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ഏപ്രില്‍ 24ന് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. സംഭവത്തില്‍ കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിങ്ങിനെതിരെ കേസെടുത്തിരുന്നു.

”വന്ദേ മാതരം എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം ഗംഗാ തീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ അതേസമയം നിങ്ങള്‍ക്ക് മണ്ണ് വേണമെന്ന് ഓര്‍ത്തോളൂ.” എന്നായിരുന്നു പ്രസംഗം.

ബെഗുസരായിയില്‍ ഇന്നായിരുന്നു വോട്ടെടുപ്പ്. പോളിങ്ബൂത്തില്‍ വോട്ടര്‍മാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗിരിരാജ് സിങ്ങിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇ.വി.എമ്മില്‍ ഒന്നാമത് കനയ്യയുടെ പേരാണ്, എന്നാല്‍ രണ്ടാമതിരിക്കുന്ന ഗിരിരാജ് സിങിന് വോട്ടു ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി പ്രദേശത്തെ വോട്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.

ബെഗുസരായില്‍ ബി.ജെ.പിയുടെ ഗിരിരാജിനെതിരെയും, ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസ്സനെതിരെയുമാണ് സി.പി.ഐയുടെ സ്ഥാനാര്‍ഥിയായ കനയ്യ മത്സരിക്കുന്നത്. ‘രണ്ടാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ബമംഗവ പഞ്ചായത്തിലേക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’- വോട്ടറായ യുവതി പറയുന്നു. തന്നെക്കൊണ്ട് ഗിരിരാജ് സിങിന് വോട്ടു ചെയ്യിച്ചെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവതി ആരോപിക്കുന്നുണ്ട്.

‘എനിക്ക് കനയ്യകുമാറിന് അനുകൂലമായി വോട്ടു ചെയ്യണമെന്നുണ്ട്, എന്നാല്‍ അവരെന്നെ രണ്ടാം നമ്പര്‍ ബട്ടണില്‍ അമര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു’- വനിതാ വോട്ടര്‍ പറയുന്നു. അവര്‍ക്കു ചുറ്റും നില്‍ക്കുന്ന ആളുകളും തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി വോട്ടറുടെ അവകാശവാദം ശരിവെക്കുന്നതും വീഡിയോയില്‍ കാണാം.