| Monday, 27th November 2023, 11:07 pm

തെലങ്കാനയില്‍ പരസ്യം നല്‍കി; കര്‍ണാടക സര്‍ക്കാറിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയതിലൂടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്.

നിരവധി പത്രങ്ങളുടെ ഹൈദരാബാദ് എഡിഷനുകളില്‍ കര്‍ണാടക സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചതായി ഭാരതീയ ജനതാ പാര്‍ട്ടിയും തെലങ്കാനയിലെ ഭരണകക്ഷിയായ ബി.ആര്‍.എസും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

ഇത്തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അപേക്ഷ നല്‍കുകയോ അവര്‍ക്ക് അനുമതി നല്‍കുകകയോ ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ പ്രചാരമുള്ള പത്രങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി പരസ്യങ്ങള്‍ നല്‍കുന്നത് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.

നവംബര്‍ 28നകം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യം വിശദീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെലങ്കാനയില്‍ അത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ലംഘിച്ചതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 28ന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

content highlight : EC issues notice to Congress-led Karnataka govt for placing ads in poll-bound Telangana

We use cookies to give you the best possible experience. Learn more