'ഇ.വി.എമ്മുകള്‍ കൈകാര്യം ചെയ്ത സാങ്കേതിക വിദഗ്ധരെക്കുറിച്ച് കമ്മീഷന് ഒരറിവുമില്ല'; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
D' Election 2019
'ഇ.വി.എമ്മുകള്‍ കൈകാര്യം ചെയ്ത സാങ്കേതിക വിദഗ്ധരെക്കുറിച്ച് കമ്മീഷന് ഒരറിവുമില്ല'; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 5:39 pm

ഡെറാഢൂണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ കൈകാര്യം ചെയ്ത സാങ്കേതിക വിദഗ്ധരെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരറിവുമില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഇവരെക്കുറിച്ചുള്ള ഒരു വിവരവും കമ്മീഷന്‍ സൂക്ഷിച്ചുവെച്ചിട്ടില്ലെന്നും ഉത്തരാഖണ്ഡിലെ മുന്‍മന്ത്രി കൂടിയായ നവ് പ്രഭാത് ആരോപിച്ചു.

‘ഇ.വി.എമ്മുകളുടെ ആദ്യഘട്ട പരിശോധന നടത്തുന്ന സാങ്കേതിക വിദഗ്ധര്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലോ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലോ അംഗങ്ങളല്ല. അവരെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി വാടകയ്‌ക്കെടുത്തതാണ്. അവരെക്കുറിച്ചുള്ള ഒരു വിവരവും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനറിയില്ല. ഒരു വേരിഫിക്കേഷന്‍ പ്രക്രിയയില്‍ക്കൂടിയും കടന്നുപോകാതെ അവര്‍ക്ക് ഇ.വി.എമ്മുകളില്‍ തൊടാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് ബാലറ്റ് യൂണിറ്റിലേക്കു ഘടിപ്പിക്കുന്ന കേബിളില്‍ തിരിമറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമിതി സമ്മതിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഈ ആരോപണങ്ങള്‍ അന്വേഷിച്ച്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടുതവണ വികാസ്‌നഗറില്‍ നിന്നും ഉത്തരാഖണ്ഡ് നിയമസഭയിലെത്തിയ നവ് പ്രഭാത് രണ്ടുവട്ടം മന്ത്രിയായിട്ടുണ്ട്. 2002-ല്‍ എന്‍.ഡി തിവാരി മന്ത്രിസഭയില്‍ വനംവകുപ്പ് കൈകാര്യം ചെയ്തു. 2016-ലാണ് ഹരീഷ് റാവത്ത് മന്ത്രിസഭയില്‍ അംഗമായത്. ഗതാഗതം, ഖനനം തുടങ്ങിയവയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സാമ്പിള്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് നവ്പ്രഭാതിന്റെ ഗുരുതരമായ ആരോപണമുണ്ടായിരിക്കുന്നത്. വിവിപാറ്റ് എണ്ണണമെന്ന ആവശ്യം തള്ളിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.

വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്.

പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്. അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.