ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
മുസ്ലിമിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടായ സങ്കരസന്താനമാണ് രാഹുല്‍ എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
ഹെഗ്‌ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ റെക്കോഡിങ് ഹാജരാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തര കന്നഡയില്‍ നടത്തിയ റാലിയിലായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണോ ഈ പ്രസ്താവനയെന്ന് കമ്മീഷന്‍ പരിശോധിക്കും. ഞായറാഴ്ച വൈകീട്ടാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വ്ന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണ് പ്രസ്താവനയെങ്കില്‍ ഹെഗ്‌ഡെക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലിമിന്റേയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്‌ഡെ ചോദിച്ചത്. രാഹുല്‍ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്ഡെ ചോദിച്ചിരുന്നു.
രാഹുല്‍ഗാന്ധി സങ്കര സന്താനമാണെന്ന് ഇതിന് മുന്‍പും ഹെഗ്ഡെ പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഭരണഘടനയ്ക്കെതിരെയും പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്ഡെ.
ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അവസാനത്തെ പ്രസ്താവന. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവ ക്ഷേത്രമായിരുന്നെന്നും അതിന്റെ പേര് തേജോ മഹാല്യ എന്നായിരുന്നെന്നും അനന്ത് കുമാര്‍ പറഞ്ഞിരുന്നു. മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് ഹെഗ്‌ഡെ പറഞ്ഞത് വിവാദമായിരുന്നു.
തുടര്‍ച്ചയായി വര്‍ഗീയതയും സ്ത്രീവിരുദ്ധതയും പ്രസംഗിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഇന്ത്യയുടെ തോല്‍വിയാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും ആവശ്യപ്പെട്ടിരുന്നു.