| Monday, 13th May 2019, 9:23 am

വര്‍ഗീയ പ്രസ്താവന; ബി.ജെ.പി നേതാവ് ഗിരിരാജ് സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിയും ബെഗുസരായിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്‌ലിംങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിനാണ് സിങിന് കമ്മീഷന്റെ വിമര്‍ശനം.

സിങിന്റെ പ്രസ്താവനയെ അപലപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കെ, പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ഗിരിരാജ് സിങിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതം ഒരു വിഷയമായി ഉപേയാഗിക്കരുതെന്ന് ചട്ടം ഗിരിരാജ് സിങ് ലംഘിച്ചുവെന്നാണ് കമ്മീഷന്റെ നിരീക്ഷണം.

ഏപ്രില്‍ 24ന് അമിത് ഷായെ വേദിയിലിരുത്തി സിങ് നടത്തിയ പ്രസ്താവനയിലാണ് കമ്മീഷന്റെ നടപടി. ‘വന്ദേ മാതരം എന്ന് പറയാത്ത, ഭാരതാംബയെ ബഹുമാനിക്കാത്തവര്‍ക്ക് രാജ്യം മാപ്പു നല്‍കില്ല. എന്റെ പൂര്‍വികര്‍ മരിച്ചത് സിമാരിയ ഘാട്ടിലാണ്, അവര്‍ക്ക് ശവകുടീരം ആവശ്യമില്ലായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് മൂന്നടി മണ്ണ് ആവശ്യമാണ്’ എന്നായിരുന്നു സിങിന്റെ വിവാദ പ്രസ്താവന.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ ഗിരിരാജ് സിങിന് ബിഹാറിലും, ജാര്‍ഖണ്ഡിലും പ്രചാരണം നടത്തുന്നതിന് വിലക്കുണ്ടായിരുന്നു.

ബെഗുസാരയില്‍ സി.പി.ഐയുടെ കനയ്യകുമാറിനും ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസ്സനുമാണ് ഗിരിരാജിനെതിരെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രില്‍ 29നായിരുന്നു ബെഗുസാരയിലെ തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more