| Wednesday, 3rd April 2019, 7:50 am

റഫാല്‍ ഇടപാടിനെ കുറിച്ചുള്ള പുസ്തക പ്രകാശനം പൊലീസ് തടഞ്ഞത് തെരഞ്ഞടെുപ്പ് ഓഫീസര്‍ അറിയാതെ; പിടികൂടിയ പുസ്‌കങ്ങള്‍ തിരിച്ചു നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: റഫാല്‍ ഇടപാടുകള്‍ വിഷയമാക്കിയ പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞടെുപ്പ് ഓഫീസര്‍ സത്യബ്രദ സഹൂ. ജൂനിയര്‍ ഓഫീസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും അക്കാര്യം പരിശോധിക്കുകയാണെന്നും സത്യബ്രദ സഹൂ വ്യക്തമാക്കി.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ തിരഞ്ഞടെുപ്പ് ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോലും അറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ പൊലീസ് നടപടി എടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് നിലവില്‍ ഉയരുന്ന ആരോപണം.

Read Also : ബി.ജെ.പി കാരണം രാജ്യത്ത് ഇപ്പോള്‍ രാഷ്ട്രീയം “മന്ദിര്‍-മസ്ജിദ്” തര്‍ക്കം മാത്രമായിരിക്കുകയാണ്: ഗുലാം നബി ആസാദ്

രാജ്യത്തെ സ്വാധീനിച്ച റഫാല്‍ അഴിമതി എന്ന പേരില്‍ ശാസ്ത്ര എഴുത്തുകാരന്‍ എസ് വിജയന്‍, തമിഴില്‍ രചിച്ച പുസ്തക പ്രകാശനമാണ് തടയാന്‍ ശ്രമിച്ചത്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പ്രതിപാതിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം വൈകിട്ട് ആറ് മണിക്ക് പുസ്തക പ്രകാശനം നടത്തുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ പ്രകാശന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്‌ലയിങ്ങ് സ്‌ക്വാഡും പൊലീസും ചെന്നൈയിലെ ഭാരതി പബ്ലിക്കേഷന്‍സ് ഓഫീസിലേക്ക് എത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന് അറിയിച്ച് പുസ്തകത്തിന്റെ 142 പകര്‍പ്പുകളും പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞടെുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.

പുസ്തക പ്രകാശനം തടയാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞടെുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെ ഒന്നര മണിക്കൂര്‍ വൈകി എന്‍ റാം തന്നെ പുസ്തക പ്രകാശനം നടത്തുകയായിരുന്നു. പിടികൂടിയ പുസ്‌കങ്ങള്‍ പൊലീസ് തിരികെ ഏല്‍പിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിയമവിരുദ്ധവും ജനാധിപത്യത്തിന് എതിരാണെന്നുമായിരുന്നു എന്‍ റാമിന്‍റെ പ്രതികരണം.

റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു.ഇതില്‍ യു.പി.എ. കാലത്ത് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നത് ബി.ജെ.പി.സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങിയതിനേക്കാള്‍ ഏറെ ലാഭത്തില്‍ ആയിരുന്നു എന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ “ദ ഹിന്ദു” റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫോട്ടോ കടപ്പാട് ദ ഹിന്ദു

Latest Stories

We use cookies to give you the best possible experience. Learn more